കാളക്കൊമ്പിലെ ഗോപീജാലം

1

ദൈവത്തിന്‍റെ കൈയൊപ്പ്‌ പതിഞ്ഞ കൈകളാണ് തിരുവന്തപുരത്തുകാരൻ ഗോപിനാഥിന്‍റെത്. പാഴായി മണ്ണിലലിഞ്ഞു പോയേക്കാവുന്ന കാള കൊമ്പുകളാണ് ഗോപിനാഥിന്‍റെ കരസ്പർശത്തിൽ ജീവൻതുടിക്കുന്ന മനോഹര ശില്പങ്ങളായി മാറുന്നത്. പരിസ്ഥിതി സൗഹൃദമായ കലാസൃഷ്ടിയിലൂടെ 5 ദശാബ്ദത്തോളമായി ഇന്ത്യയിൽ ഉടനീളമുള്ള കരകൗശലമേളകളിൽ ഗോപിനാഥിന്‍റെ സജ്ജീവസാനിധ്യമുണ്ട്. ഹോൺ ക്രാഫ്റ്റ് ഗോപിനാഥിന് ഉപജീവന മാർഗം മാത്രമല്ല. അന്യം നിന്ന് പോകുന്ന ഈ കലയെ തന്നിലൂടെ അതിജീവിപ്പിക്കുകയാണ് അദ്ദേഹം.

കാളയുടെയും പോത്തിന്‍റെയും കൊമ്പിൽ വിസ്മയം തീർക്കുന്ന ഈ അപൂർവ്വകല അച്ഛൻ വേലുകുട്ടിയാണ് ഗോപിനാഥിന് പകർന്നു നൽകിയത്. 20 വർഷങ്ങൾക്ക് മുൻപ് 30000 ഹോൺ ക്രാഫ്റ്റ് കലാകാരൻമാരുണ്ടായിരുന്ന തിരുവനന്തപുരത്ത് ഇന്നവശേഷിക്കുന്ന ചിലരിൽ ഒരാളാണ് ഗോപിനാഥ്. കൃത്രിമ പൊടികളോ കൂട്ടുകളോ ഇല്ലാതെയാണ് ഗോപിനാഥ് ശില്പങ്ങൾ നിർമ്മിക്കുന്നത്. വൃത്തിയാക്കുന്ന കൊമ്പിന്‍റെ പുറംരാകുമ്പോൾ ലഭിക്കുന്ന കറുത്ത നിറവും ചെത്തി മിനുക്കുമ്പോൾ ലഭിക്കുന്ന സ്വർണ്ണ നിറവും കാഴ്ച്ചയിൽ ആരെയും ആകർഷിക്കും. ശില്പങ്ങളിലെ ചിത്രപ്പണി കാർവ് ചെയ്ത ശേഷം പൗഡറും ഉജ്ജാലയും ചേർത്ത മിശ്രിതത്തിൽ പശ ചേർത്ത് കാർവ് ചെയ്ത ഭാഗത്തു തേച്ചു പിടിപ്പിക്കും. എന്നിട്ട് കടച്ചക്കയുടെ ഇലയും പനയുടെ ഇലയും സാൻഡ്‌പേപ്പറും കത്തിച്ച് ഉണ്ടാക്കുന്ന കരിയിൽ പോളിഷ് ചെയ്തെടുക്കുന്നു.

1000 രൂപയുടെ ശില്പമുണ്ടാക്കാൻ 800 രൂപചെലവ് വരും. ഇങ്ങനെ ആരും കൊതിക്കുന്ന ശില്പങ്ങൾ കരവിരുതിൽ മെനഞ്ഞെടുക്കാൻ 6 ദിവസമെങ്കിലും വേണം. 250 രൂപ മുതൽ 3500 രൂപവരെയുള്ള ശില്പങ്ങളാണ് ഗോപിനാഥിന്‍റെത്. കൊമ്പിൽ കടഞ്ഞെടുത്ത തത്ത, മയിൽ, ചെടികൾ, വെള്ള കൊമ്പിൽ തീർത്ത ശില്പങ്ങൾ അങ്ങനെ കണ്ണഞ്ചിക്കുന്ന ശില്പങ്ങളാണ് ഗോപിനാഥിന്‍റെ പക്കലുള്ളത്. 50 വർഷം ഗ്യാരണ്ടിയുള്ള നിലത്തുവീണാൽ പൊട്ടാത്ത ശില്പങ്ങളാണിവ.

ഇന്ത്യയിൽ ഉടനീളം നടന്ന ശില്പശാലകളിൽ ഇദ്ദേഹത്തിന്‍റെ കരവിരുത് ആളുകളെ ആകർഷിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഹോൺ ക്രഫ്റ്റിനെ കുറിച്ച് പഠിക്കാൻ മുംബൈ സർവ്വകലാശാലയിൽ നിന്നും വരെ കുട്ടികൾ എത്തിയിട്ടുണ്ട്
ഓരോ മേളകൾക്കും കണ്ടുമടുത്ത ശില്പങ്ങൾ കൊണ്ടല്ല മറിച്ച് കാഴ്ചക്കാരനെ അതിശയിപ്പിക്കുന്ന പുതു പുത്തൻ മോഡലുകളുമായിട്ടാണ് ടി എ ഗോപിനാഥൻ എത്താറുള്ളത്.