കളരിപ്പയറ്റല്ല പണപ്പയറ്റ്

1

നമ്മൾക്കറിയാം ഓരോ നാട്ടിലും ഓരോ നാടിന്റെതായ ഐതീഹ്യവും, ചരിത്രവും, സംസ്കാരവും, തനിമയുമുണ്ട്. അവയെല്ലാം പല ആചാരങ്ങളിലും ആഘോഷങ്ങളിലും ലയിച്ച് ചേർന്നവയാണ്. പരസ്പര വിശ്വാസവും സന്തോഷവും കൂട്ടായ്മയും സാമൂഹിക ബോധവും സമ്മാനിച്ച ആഘോഷങ്ങളും സമ്പ്രദായങ്ങളും ഏതു നാടിന്റെയും വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കാലവും ജീവിതവും മുമ്പത്തെക്കാൾ വർണ്ണാഭമായപ്പോൾ പല സമ്പ്രദായങ്ങളോടുള്ള ഇഴയടുപ്പം നമ്മൾ ഉപേക്ഷിച്ചില്ല. ജനസൗഹാർദ്ദത നിലനിർത്തി ഒത്തുചേരലുകൾ സൃഷ്ടിക്കുന്ന സമ്പ്രദായത്തെയും അതിന്റെ നന്മയെയും നമ്മൾ എക്കാലവും നിലനിർത്തി പോരുന്നു. ഇത്തരത്തിൽ അധികമാരും കേട്ടിട്ടില്ലാത്ത ഒരു സമ്പ്രദായകരീതി മലബാറിന്റെ പല ഗ്രാമപ്രദേശങ്ങളിലും ഇന്നും നിലനിന്ന് പോരുന്നു. വടക്കൻ കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഒരു പണമിടപാട് രീതിയാണ് ‘പണപ്പയറ്റ്’.

ഓൺലൈൻ ബാങ്കിങ് സംവിധാനങ്ങൾ ഓഫറുകളുടെ പെരുമഴ പെയ്ച്ച് മത്സരിക്കുന്ന പുതിയ കാലത്തും മലബാറുകാർക്ക് പ്രിയം പണപ്പയറ്റിനോട് തന്നെയാണ്. വ്യക്തമായ ഒരു സാമൂഹിക അജണ്ഡയുണ്ട് പണപ്പയറ്റിന് പിന്നിൽ. ഒരു നാട്ടിലെ ജനങ്ങൾക്കിടയിൽ ജാതിപരമായോ മതപരമായോ സാമ്പത്തികപരമായിട്ടോ ഉള്ള യാതൊരുവിധ സ്പർദ്ദയും വളർത്താതെ നടത്തി വരുന്ന പണമിടപാട് സമ്പ്രദായമാണ് പണപ്പയറ്റ്.
മലബാറിൽ പ്രത്യേകിച്ച് കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ മാത്രമാണ് പണപ്പയറ്റുള്ളത്. കോഴിക്കോട് മുതൽ കണ്ണൂർ വരെ ഇത് പല പേരിലും അറിയപ്പെടുന്നുണ്ട്. മലബാറിന്റെ ഗ്രാമീണ മേഖലയിൽ പലപ്പോഴും ഒറ്റയ്ക്ക് സാധിക്കാത്ത കാര്യങ്ങൾ നടപ്പിലാക്കാനുള്ള ഏറ്റവും മികച്ച മാതൃകയാണ് പണപ്പയറ്റ്. ആവശ്യങ്ങൾക്കനുസരിച്ചാണ് പണപ്പയറ്റിന്റെ കത്ത് തയ്യാറാക്കുന്നത്. കല്യാണം, വീട് നിർമ്മാണം, ഭൂമി വാങ്ങൽ, പാവപ്പെട്ടവരെ സഹായിക്കൽ, തുടങ്ങിയ ആവശ്യങ്ങൾ എന്തുതന്നെയായാലും പണപ്പയറ്റിന്റെ കത്തടിച്ചാൽ നാട്ടുകാർ ഒറ്റക്കെട്ടായി നിന്ന് സഹായിക്കും, സഹകരിക്കും. അത് ഈ നാട്ടുകാരന്റെ കടമയാണ്.

പണ്ട് കാലത്തെ കുറികല്യാണം

ഇന്ന്, പയറ്റ് കല്യാണവീടുകളിലാണ് കൂടുതലായി കണ്ടുവരുന്നത്. കല്യാണകത്തിനോടൊപ്പം പയറ്റിന്റെ ക്ഷണക്കത്തും നൽകും. കല്യാണത്തിന് ഒരു മാസം മുമ്പോ ഒരാഴ്ചയ്ക്കുള്ളിലോ അടുത്തുള്ള ചായക്കടകളിൽ കല്യാണതീയതിയും പയറ്റിന്റെ വിശദാംശങ്ങളും അടങ്ങിയ വലിയൊരു നോട്ടീസ് ഒട്ടിച്ച് വെക്കും. ക്ഷണം സ്വീകരിച്ച് പയറ്റിനെത്തുന്ന നാട്ടുകാർ പയറ്റ് നടത്തുന്ന ആൾക്ക് പണം നൽകി സഹായിക്കുന്നു. അങ്ങനെ രണ്ട് പേർ തമ്മിൽ ഒരു സൗഹൃദം ഉടലെടുക്കുകയും കൊടുത്തയാൾ ആവശ്യമുള്ളപ്പോൾ മറ്റൊരു പയറ്റ് നടത്തി ആ പണം മറ്റേയാൾക്ക് തിരിച്ച് കൊടുക്കും. അതോടെ ആ കടബാധ്യത തീരുമെന്നിരുന്നാലും ഒരു റീസൈക്കിളിക്കൽ രീതിയിൽ ഈ ഇടപാടുകൾ അങ്ങനെ മുന്നോട്ട് നീങ്ങുന്നു. തികച്ചും സുതാര്യവും വിശ്വാസ വഞ്ചന ഒട്ടും ഇല്ലാത്തതും, പലിശയോ മറ്റ് ഈടുകളോ ഇല്ലാത്തതുമായ പണമിടപാടാണ് പയറ്റ്.
നാട്ടിലെ ചായക്കടകളിലാണ് പയറ്റ് സാധാരണയായി നടത്താറുള്ളത്. പയറ്റ് നടത്താറുള്ള ചായക്കടകളിൽ നോട്ടീസ് അടിച്ചും ഈന്തപ്പനയോല കുത്തിവെച്ചുമാണ് ആളുകളെ അറിയിക്കാറുള്ളത്. ഇവിടെ പണമിടപാടിന് എത്തുന്നവർക്ക് ചായ സൽക്കാരവും ഉണ്ടാവാറുണ്ട്. വീട്ടിൽ വെച്ചാണ് പയറ്റ് നടത്തുന്നതെങ്കിൽ വരുന്നവർക്ക് ഉച്ചഭക്ഷണം നൽകണം. അത് ചിലവേറിയതിനാലാണ് ചായക്കടകളിൽ പയറ്റ് നടത്തി ചായ സൽക്കാരത്തിലൊതുക്കുന്നത്.

ഈന്തോല കുത്തിവെച്ച പയറ്റിന്‍റെ ചായ കടകൾ

പണപ്പയറ്റിനെ ചില മേഖലയിൽ ‘സതിര്’ എന്നാണ് വിശേഷിപ്പിക്കാറ്. തേയില സൽക്കാരം, സുഹൃത്ത് സൽക്കാരം അങ്ങനെ വേറെയും കുറേ വിശേഷണങ്ങൾ പയറ്റിനുണ്ട്. കോഴിക്കോട് ചെന്നാൽ ഇത് കുറികല്യാണമെന്നും, തലശ്ശേരി – വടകര ഭാഗങ്ങളിൽ ‘സതിര്’ എന്നും, കൊയിലാണ്ടി താലൂക്കിൽ പണപ്പയറ്റ് എന്നും അറിയപ്പെടുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ലോകത്ത് നിലനിന്നിരുന്ന രീതിയാണിത്. പാശ്ചാത്യർ അവരുടെ അടുത്ത ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും കല്യാണത്തിനും ജന്മദിനത്തിനും ക്രിസ്തുമസിനുമെല്ലാം പണവും സമ്മാനങ്ങളും കൊടുക്കൽ വാങ്ങൽ നടത്തിയിരുന്നു. അതിൽ നിന്നും അതിൽ നിന്നും ഉരുത്തിരിഞ്ഞതാണിതെന്ന് പഴമക്കാർ പറയുന്നു. എന്നാൽ ചൈനയുടെ പണമിടപാട് രീതിയായ quanxi ആഫ്രിക്കയിലെ esusu ഇവയെല്ലാം പയറ്റിന്റെ അതേ മാതൃകയിലുള്ള പണമിടപാടുകളാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് വിദേശികളുടെ പരിചാരകരായിരുന്നു മലബാറികൾ ഒട്ടുമിക്കവരും. ഒരുപക്ഷേ അവരിൽ നിന്നും പകർന്ന് കിട്ടിയതാവാം ഈ സമ്പ്രദായം.

പണപ്പയറ്റിന്‍റെ ക്ഷണക്കത്ത്
നാട്ടുകാർ പണം സ്വീകരിച്ച് പയറ്റ് നടത്തിയ ആൾക്ക് നൽകുന്നു

പൊതുവെ പണപ്പയറ്റ് നടത്തുന്നവർ സഹായിച്ചവരുടെ പേര് വിവരങ്ങൾ എഴുതി വെയ്കകും. എന്നെങ്കിലും തിരികെ സഹായിക്കാൻ വേണ്ടി ഒരു കണക്ക് സൂക്ഷിക്കും. എന്നാൽ ബാലുശ്ശേരി പുത്തൂർവട്ടത്തെ നാട്ടുകാർ പണപ്പയറ്റിന് നോട്ടീസ് അടിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കണ്ടെത്തി നൽകാനാണ്. പ്രതീക്ഷിക്കാതെയാണ് ഈ ജനകീയ പയറ്റിലേയ്ക്ക് നൂറിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുമായി നാട്ടുകാർ സജീവ സാന്നിധ്യമായി എത്തിയത്. പിരിച്ച് കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നേരിട്ട് സമർപ്പിക്കുകയാണ് ചെയ്തത്.

ബാലുശ്ശേരിയിൽ നടന്ന ജനകീയ പണപ്പയറ്റ്

മലബാറിലെ പുത്തൻ തലമുറയും പഴയ തലമുറയും ഒരേ മനസ്സോടെ ഇന്നും നെഞ്ചിലേറ്റി ലാളിക്കുന്ന പഴയ സമ്പ്രദായങ്ങളിലൊന്നാണ് സതിര് അഥവാ പണപ്പയറ്റ്.