അലിബി

0

കിച്ചണിലെ സിങ്കില്‍ ഇന്നലെ രാത്രിയിലെ പാത്രങ്ങള്‍ അത് പോലെ കിടപ്പുണ്ട്. രാവിലെ എല്ലാവര്‍ക്കും ബ്രെഡും ഓംലെറ്റ്‌ ആയിരിക്കും എന്ന് മോളോട് പറഞ്ഞിരുന്നു. രാവിലത്തെ ഭക്ഷണം മാത്രേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ഞായര്‍ ആയതുകൊണ്ട് അവള്‍ക്ക് ഡാന്‍സ് ക്ലാസിനു പോണം. അവള്‍ മിക്കവാറും ബ്രെഡ്‌ പൊതിഞ്ഞു കൊണ്ട് പോകും. പിന്നെ നീരവ്.  പാര്‍ട്ടിയുടെ ഹാങ്ങ്‌ ഓവര്‍ മാറി ഉണരാന്‍  പകല്‍ പന്ത്രണ്ട് ആകും. മിക്ക ഞായറും തണുത്ത ബ്രേക്ക്‌ഫാസ്റ്റ് ആകും അവന്‍റെ ലഞ്ച്. ഇന്നും നിനക്ക് മാറ്റം വേണ്ടാ. നിനക്ക് ഉള്ളത് ഞാന്‍ എടുത്തു വച്ചിട്ടേ പോകു. നിനക്ക് വേണ്ടി  ഉള്ളത്. ഇപ്പോള്‍ നീ ഉറങ്ങികൊള്ളൂ.

ഈ പാത്രങ്ങള്‍ ഇന്നും കഴുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. വായില്‍ ബ്രെഷ് വച്ചുകൊണ്ട് തന്നെയാണ് കുളിച്ചത്. മുടി തോര്‍ത്തി കൊണ്ട് ബ്രെഡ്‌ റെഡി ആക്കി. മൂന്നു മുട്ട കൊണ്ട് ഓംലെറ്റ്‌ ഉണ്ടാക്കണം.  ഉറക്കം വിട്ട് മാറാത്ത നനഞ്ഞ മുഖം ചെറുതായി  ചുമന്നിരിക്കുന്നു എന്ന് ഞാന്‍ അലമാര കണ്ണാടിയില്‍ കണ്ടു. ഞാന്‍ എന്നോട് തന്നെ അതിനു ഉത്തരം പറഞ്ഞു .

ഒന്‍പതു മണിക്ക് ഓഫീസില്‍ എത്തണം. അവിടെ നിന്ന്‌ പ്രോഗ്രാം സ്ഥലത്തേക്ക് പത്തരയ്ക്ക്  പോകണം. ഉടുക്കേണ്ട സാരീം പ്രോഗ്രാമിനുള്ള ഡ്രെസ്സും ഒരുക്കി വച്ചത് രാത്രി ഏറെ  കഴിഞ്ഞാണ്.

രാത്രിയുടെ ശ്വാസം നേര്‍ത്ത് ഉരുകുമ്പോള്‍ കണ്ണിനും കണ്ണീരിന്‍റെയും  മുന്നില്‍ തോല്‍വി പോലെ ഉറക്കം. ഇനി എനിക്ക് ആവില്ലയെന്ന് അപ്പോള്‍ ആണ് തീരുമാനിച്ചത്. അടുത്ത മുറിയില്‍  ഉറങ്ങി കിടക്കുന്ന മോളെ ഒരിക്കല്‍ കൂടി നോക്കിയിട്ട് കിടന്നു. എപ്പോഴോ ഉറങ്ങി.

ബ്രെഡ്‌ കഴിച്ചു കൊണ്ട് മുടി ചീകി, ചായയും റെഡി ആക്കി.  മോളെ വിളിച്ചുണര്‍ത്തി അവള്‍ക്കു വേണ്ടതെല്ലാം എവിടെ വച്ചിരിക്കുന്നു എന്ന് പറഞ്ഞു. “ നീരവിനെ ഉണര്‍ത്തണ്ട, മോള് പൊയ്ക്കോളൂ”,  അവള്‍ അവനെ അങ്കിള്‍പാ എന്നാണു വിളിക്കാറ്. “അങ്കിള്‍പായ്ക്ക് കാപ്പിയും ടോസ്റ്റും പാല്‍കാപ്പിയ്ക്കുള്ള പാലും പഞ്ചസാരയും മുട്ട പുഴുങ്ങിയതും ടേബിളില്‍ അടച്ചു  വച്ചിട്ടുണ്ട്. മോള്‍ക്ക് ഉള്ളത് കിച്ചണില്‍ വച്ചേക്കാം, പാല് കുടിച്ചിട്ടേ പോകാവൂ.. വൈകിട്ട് അമ്മ വരും വരെ ഗീതേച്ചിയുടെ വീട്ടില്‍ ഇരുന്നാമതി. പ്രോഗ്രാം കഴിഞ്ഞ് അമ്മ വന്ന് കൊണ്ട് പോരാം”,  അവള്‍   ഒന്നും പറയാതെ ഇരുന്നതേ ഉള്ളു. “മോള് പോയി കുറച്ചൂടെ ഉറങ്ങിക്കോ, പോകുമ്പോ പൂട്ടിയിട്ട് പോണേ ”

ബെഡ് റൂമില്‍ അയാള്‍  സുഖമായി ഉറങ്ങുന്നു. അവള്‍ അലമാരയുടെ പാളികള്‍ മെല്ലെ അടച്ചു. നീരവ് നീ എന്‍റെ മാത്രമായി എന്‍റെ ജീവിതത്തില്‍ വന്നിട്ട് മൂന്നു കൊല്ലം. ഒറ്റപ്പെട്ടു പോയ ജീവിതത്തില്‍ ഞാനും മോളും ജീവിതകടലിന്‍റെ ഓളപരപ്പില്‍ ദിശ തെറ്റി അലയുമ്പോള്‍ നീയായിരുന്നു കൂട്ട്. ഇത്രത്തോളം കരുതലോടെ നീയെന്നെ ചേര്‍ത്തു നിര്‍ത്തുമെന്ന് ഞാന്‍ കരുതിയില്ല, അത് കൊണ്ട് തന്നെയാണ് ഒരു താലിയുടെ പിന്‍ബലം പോലും ചോദിക്കാതെ, നിന്നെ എന്‍റെ കൂടെ ഈ ഫ്ലാറ്റില്‍ കൂട്ടിയത്. എനിക്ക് നിന്നെ വല്ലാത്ത ഇഷ്ടമാണ്, പക്ഷെ എനിക്ക് എന്‍റെ മോള്‍ കഴിഞ്ഞേ ആരും ഉള്ളു. എന്‍റെ അഭി എന്നെ വിട്ട് പോകുമ്പോ എനിക്ക് തന്ന സ്വത്താണ് അവള്‍. അതിനുമേല്‍  എനിക്ക് ഒന്നുമില്ല.

ഇടക്ക് എപ്പോഴോ മനസ്സ് ഭയന്നപോലെ. ഇല്ല, എല്ലാം വിചാരിച്ചുറച്ച പോലെ നടക്കണം. താന്‍ വിചാരിച്ച പോലെ. മറ്റാരും അറിയാന്‍ പാടില്ല. ഇതിന്‍റെ സൃഷ്ടി സ്ഥിതി സമാപ്തി തന്നിലൂടെ മാത്രം.

മണി പതിനൊന്ന് ആകുന്നു. നെഞ്ചില്‍ ഒരു വല്ലാത്ത വിങ്ങല്‍. മോള്‍ടെ ഫോണില്‍ വിളിച്ചിട്ട് വച്ചതേയുള്ളു. ഹാളിലെ ക്ലോക്കില്‍ സമയം ചിലപ്പോ വേഗത്തിലും ചിലപ്പോ  ഇഴഞ്ഞും പോകുന്നു. ഫസ്റ്റ് സ്റ്റേജ് റിഹേര്‍സല്‍ കഴിഞ്ഞു. എല്ലാ തവണയും പോലെ ഇന്നുമുണ്ട് ചില അവസാന മിനിറ്റ് മാറ്റങ്ങള്‍.

ഊണിനു സമയം ആയെന്നു മായ പറഞ്ഞപ്പോള്‍  ആണ് ഓര്‍ത്തത്. അത് വരെ താന്‍ എന്തൊക്കെ ആണ് ചെയ്തത് എന്ന് ഒരു ഓര്‍മ്മയും ഇല്ല. ആറു  മണിക്കാവും  പ്രോഗ്രാം തുടങ്ങുക. അത് വരെ കാത്തു നില്‍ക്കുക എന്ന ചിന്ത ഇരുണ്ടയൊരു  കാര്‍മേഘം പോലെ നെഞ്ചില്‍ ഉരുണ്ട് കൂടുന്നു. പെയ്യാന്‍ പറ്റാത്ത ഒരു പകയുടെ പുകച്ചുരുള്‍ ഉയരും പോലെ. ആരും ഫോണില്‍ വിളിക്കുന്നില്ല. മോള്‍ടെ വിളിയെങ്കിലും പ്രതീക്ഷിച്ചു.

ജീവിത പുസ്തകത്തില്‍ ഓര്‍ക്കാന്‍ കൂടി പാടില്ലാത്ത  കുറെ വരികള്‍ എഴുതപ്പെടാന്‍ പോകുന്നു.  പ്രതികാരത്തിന്‍റെ   നാഡികള്‍ ചിന്തകളെ വലയിട്ട് മൂടിയിരിക്കുന്നു. എന്ത് വന്നാലും ഞാന്‍ വിചാരിച്ച ചുവടുകള്‍, അതാണ് ശെരി.

നീരവ് നീ ഒരാളില്‍ മാത്രമല്ല, സ്വയം ചിന്തിക്കാതെ, ഒരു കൂട്ടം പേരില്‍ മാനഹാനിയുടെ   അനിഷ്ടമുണ്ടാക്കി, അതിന്‍റെ വിഷമത്തില്‍ നീ കുടിക്കുന്ന മദ്യത്തിനു , ഒരു ഉമിതീയുടെ, ഉള്‍ത്തീച്ചൂട്  കാണും, ചുരം ഇറങ്ങി പോകുന്ന കാറ്റ് പോലെ, അത് പോകില്ല പെട്ടന്ന്,.ചുറ്റി കൊണ്ടിരിക്കും,മനസ്സിന് ചുറ്റും…

ആറുമണി ആയാല്‍  പ്രോഗ്രാം തുടങ്ങും, കുറച്ച് സമയം ബാക്കി, സ്റ്റേജിലെ ബഹളം വല്ലാതെ അരോചകമാകുന്നു .. കുറെ നേരം ആയി.. ഫോണ്‍ റിംഗ് ചെയ്യുന്നു…. .തല കറങ്ങും പോലെയും കണ്ണുകളടയുകയും തൊണ്ട വരളുകയും ചെയ്യുന്നു. സ്റ്റേജില്‍ കയറും മുന്‍പേ ഒന്ന് കിടക്കാന്‍ തോന്നുന്നു…വല്ലാതെ വിയര്‍ക്കുന്നു .

തലയ്ക്കുള്ളില്‍  ഇന്നലെ രാത്രിയുടെ ഇരുട്ട്,  ഒരായിരിം അഗ്നി ചിന്തകള്‍ ഇരിക്കുന്ന ഒരു പര്‍വതം എന്തോ ചോദിക്കുന്നു. പഴകിയ ചിന്തകള്‍ക്ക്, തീ മൂടിയ, പകയുടെ  ലാവയായ് ഒഴുകാന്‍ സമയം ആയോ? ആശയെ കാണാന്‍ നിങ്ങള്ക്ക് ഇനിയും  ആഗ്രഹം ഇല്ലേ നീരവ് ? അവള്‍ക്കൊപ്പം ഒരു ജീവിതം അതുമാവാം, എന്നെ വിഡ്ഢിയാക്കി നിനക്ക് എന്തും ആകാം…പക്ഷെ നിന്‍റെ ഫോണില്‍ ഞാന്‍ കണ്ട എന്‍റെ മോള്‍ടെ പടങ്ങള്‍… അതിനു മാപ്പില്ല, ഞാന്‍  ഒന്നും ചെയ്യേണ്ടിരുന്നാല്‍ ഒരമ്മയാവില്ല  നീരവ് ..  മനസ്സില്‍ നൂറു ചോദ്യങ്ങള്‍  ചോദിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു പിന്നെ ….കൈയിലെ  ഒരു വിഷക്കുപ്പി നെഞ്ചോടു ചേര്‍ത്തു വിതുമ്പി.

“നിന്‍റെ ഫോണ്‍ കുറെ ആയല്ലോ റിംഗ് ചെയ്യുന്നു..”, “മോളാവും മായേ, ഗീതേച്ചിയുടെ വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഇനി പ്രോഗ്രാം കഴിഞ്ഞ് വിളിക്കാം…”

 “ടയെര്‍ട് ആയല്ലേ,” മായ കളിയാക്കി ദൂരെ നിന്നാരോ തന്നെ വിളിച്ചു കരയുന്നത് മാത്രമേ കാതില്‍ ഉള്ളു. ആരോ തിരികെ വിളിക്കുന്ന പോലെ. രക്ഷപ്പെടാന്‍ ആരോ അലമുറയിടുന്നു. ചിലങ്ക കെട്ടിയ കാലിലെ മസില്‍ വല്ലാതെ മുറുകുന്നു. ആരോ ശരീരം മുറുക്കി വരിയുന്ന പോലെ.. നീരവ് അത് നീയാണ് എന്നെനിക്കറിയാം.. നിനക്കുള്ളത് ഞാന്‍ പ്രാതലായ് നമ്മുടെ മേശമേല്‍  വച്ചിരുന്നു..എന്‍റെ നെഞ്ചില്‍ ഞാന്‍ ഒരു രാത്രി മുഴുവന്‍ ഞാന്‍ ചേര്‍ത്തു വച്ചു കരഞ്ഞ എന്‍റെ തീരുമാനം