എന്താണീ ഏപ്രിൽ ഫൂളിന്റെ കഥയെന്നറിയാമോ…?

  0

  മാർച്ച് 31 ന് രാത്രി കിടന്നുറങ്ങുമ്പോൾ നാളെ ആർക്കും എന്നെ വിഡ്ഢിയാക്കാൻ പറ്റില്ലെന്ന് പ്രതിജ്ഞയെടുത്തു ഉറങ്ങുന്നവരും നാളത്തെ വയ്യാവേലി എന്താണോ എന്തോ എന്നാകുലപ്പെടാത്തവരുമായി ആരും കാണില്ല…അതെ, ശിക്ഷ ഭയക്കാതെ ആരെയും പറ്റിക്കാന്‍ കഴിയുന്ന ഒരേയൊരു ദിവസം ഏപ്രില്‍ 1 അതായത്‌ ലോക വിഡ്‌ഢിദിനം.

  വിഡ്‌ഢിദിനം വിഡ്‌ഢികളുടെ വിഡ്‌ഢികളാക്കപ്പെടുന്നവരുടെ ദിനമല്ലെന്നാണ്‌ പ്രശസ്‌ത എഴുത്തുകാരന്‍ മാര്‍ക്‌ ട്വയിന്‍ പറഞ്ഞിരിക്കുന്നത്‌. സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ചോര്‍ത്ത്‌ ചിരിക്കാന്‍, വര്‍ഷത്തിലെ 364 ദിവസവും നമ്മള്‍ എന്തായിരുന്നു ചെയ്‌തുകൊണ്ടിരുന്നതെന്നും അതിനിടയിലെ അമളികളെക്കുറിച്ചും ഓര്‍ക്കാനുള്ള ദിനം അതാണ്‌ ഏപ്രില്‍ 1 എന്നാണ്‌ ട്വയിന്‍ പറഞ്ഞത്‌. ചുരുക്കി പറഞ്ഞാൽ ആത്മവിമര്‍ശനത്തിന്‍റെ ദിനമാണ് ഏപ്രില്‍ ഒന്ന്. അന്ന് കാണിക്കുന്ന കുസൃതികളും വിഡ്ഢിയാക്കാനുള്ള ശ്രമങ്ങളും എല്ലാവരും ലാഘവത്തോടെയേ കാണാറുള്ളു.

  എന്നാൽ ഈ ദിവസത്തിന്റെ ഉദ്ഭവത്തെ കുറിച്ച് നമ്മൾ പലതരത്തിലുള്ള കഥകൾ കേട്ടിട്ടുണ്ട്… അതിൽ കെട്ടുകഥകളും ഏറെയുണ്ട്. ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേയ്‌ക്കുള്ള മാറ്റത്തെ പരിഹസിക്കാന്‍ ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഒന്ന്‌ ഫൂള്‍സ്‌ ഡേ ആയി തിരഞ്ഞെടുത്ത കഥയാണ് അവയില്‍ പ്രബലം.

  രണ്ടു കലണ്ടറുകൾ തമ്മിലുള്ള വിചിത്രമായ ഒരു പോരിൽ നിന്നാണ് വിഡ്ഢിദിനം ഉണ്ടായത്. ഫ്രാൻസിലായിരുന്നു സംഭവം. 1582ല്‍ ഫ്രാന്‍സിലായിരുന്നു ആ കലണ്ടര്‍ മാറ്റം. 45 B C യില്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ കൊണ്ടുവന്ന ജൂലിയന്‍ കലണ്ടറാണ് അതുവരെ എല്ലാവരും പിന്തുടര്‍ന്നിരുന്നത്. പക്ഷെ 1582ല്‍ അന്നത്ത മാര്‍പ്പാപ്പ പോപ്‌ ഗ്രിഗറി പതിമൂന്നാമന്‍ ആ പഴയ കലണ്ടര്‍ പരിഷ്കരിച്ചു. പുതിയൊരു കലണ്ടര്‍ തുടങ്ങി. അതാണ് ഗ്രിഗോറിയന്‍ കലണ്ടര്‍.

  അതുവരെ ഏപ്രില്‍ 1ന് തുടങ്ങിയിരുന്ന പുതുവര്‍ഷം പുതിയ കലണ്ടറില്‍ ജനുവരി ഒന്നിലേക്ക് മാറ്റി. അന്ന് വാര്‍ത്താവിനിമയ ഉപാധികള്‍ നാമമാത്രമായിരുന്നു. അതിനാല്‍ രാജപരിഷ്കാരങ്ങള്‍ ജനങ്ങളില്‍ എത്തുന്നതിന് വഴേക്കുംള്‍ കുറച്ചു വര്‍ഷങ്ങള്‍ എടുക്കുകയും ചെയ്തു.അങ്ങനെ ആ കാലത്ത് കുറെപേര്‍ ജനുവരി 1നും ചിലര്‍ ഏപ്രില്‍ 1നും പുതുവത്സരം ആഘോഷിച്ചു. പുതിയ കലണ്ടര്‍ നിലവില്‍ വന്ന ശേഷവും ഏപ്രില്‍ 1ന് പുതുവത്സര ആഘോഷിച്ചവരെ പുതുലോകം “മണ്ടന്മാര്‍” എന്ന് വിളിക്കാന്‍ തുടങ്ങി. മാത്രമല്ല പുത്തന്‍ പരിഷ്കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത യാഥാസ്ഥിതികരായ ചിലിരെയും കൂടി പരിഹിസിച്ചുകൊണ്ടാണ്‌ ഏപ്രില്‍ 1 വിഡ്‌ഢിദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വാദം. ഏപ്രില്‍ ഒന്നിന്‌ അങ്ങനെ ആളുകളെ പറ്റിക്കാന്‍ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ്‌ തുടങ്ങിയത്‌.

  കലണ്ടർ മാറ്റത്തെ അംഗീകരിക്കാത്ത റിബലുകളോ വിപ്ലവകാരികളോ ആയിരുന്നു മറുപക്ഷം എന്നും അവരെ തേജോവധം ചെയ്യാനാണ് പ്രബലരായ മറു പക്ഷം വിഡ്‌ഢിദിനം ആഘോഷിക്കുന്നതെന്നും വാദമുണ്ട്. പതിനെട്ടാം നൂറ്റാണ്ടോടെയാണ്‌ ഇംഗ്ളണ്ടിലും സ്കോട്ട്ലന്‍ഡിലും വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌. തുടര്‍ന്ന് ഇംഗ്ളണ്ടിന്‍റെ കോളനികളിലേക്കും ഇവ വ്യാപിച്ചു. പോര്‍ചുഗീസുകാര്‍ ഈസ്‌റ്റര്‍ നോമ്പിന്‌ നാല്‍പത്‌ ദിവസം മുമ്പുള്ള ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ്‌ വിഡ്‌ഢിദിനം ആഘോഷിക്കുന്നത്‌. മെക്‌സിക്കോയില്‍ ഡിസംബര്‍ 28നാണ്‌ വിഡ്‌ഢിദിനം. വിഡ്‌ഢിദിനത്തില്‍ വിഡ്‌ഢികളാക്കപ്പെടുന്നവരെ ഇംഗ്ലണ്ടില്‍ നൂഡി എന്നും ജര്‍മ്മനിയില്‍ ഏപ്രിനാര്‍ എന്നുമാണ്‌ വിളിക്കുന്നത്‌. ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഫിഷ്‌എന്നു വിളിക്കും. ഇത്തരക്കാരെ ഏപ്രില്‍ ഗോക്ക്‌ എന്നാണ്‌ സ്‌കോട്ട്‌ലാന്‍റില്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെയാണ്‌ ഇന്ത്യയില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌.

  ഗ്രീക്ക്‌ ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ടുപോയ കഥയാണ് മറ്റൊന്ന്. മകളുടെ കരച്ചില്‍ കേട്ടെത്തിയ സെറസ്‌ മാറ്റൊലി കേട്ടഭാഗത്തേയ്‌ക്ക്‌ ഓടിയത്‌ വിഡ്‌ഢിദിനവുമായി ബന്ധപ്പെടുത്തി പറയുന്നവരുണ്ട്.

  ഇംഗ്ളീഷ് സാഹിത്യകാരനായ ജെഫ്രി ചോസറിന്റെ കാന്റർബെറി കഥയിൽ നിന്നാണ് ഏപ്രിൽ ഫൂൾസ് ദിനം തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്. കഥയിൽ കടന്നുകൂടിയ മാർച്ച് 32 എന്ന പരാമർശമാണ് വിഡ്ഢിദിനത്തിലേക്ക് വഴിവച്ചതെന്നാണ് അക്കൂട്ടർ പറയുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയിൽ വിഡ്ഢിദിനത്തിന് പ്രാധാന്യം ലഭിച്ചത്.

  റോമിലെ ഹിലാരിയ എന്ന ആഘോഷത്തോടനുബന്ധിച്ചാണ് വിഡ്ഢിദിനം ആരംഭിച്ചതെന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. മാര്‍ച്ച് 25ന് നടന്നിരുന്ന ഈ ആഘോഷം വില്യം സ്മിത്തിന്റെ ‘ ഡിക്ഷ്ണറി ഓഫ് ഗ്രീക്ക് ആന്‍ഡ് റോമന്‍ ആന്റിക്വിറ്റീസ്’ അനുസരിച്ച് ഗയിമുകള്‍, പ്രച്ഛന്നവേഷങ്ങള്‍, നിരന്തരമായ പരിഹാസം എന്നിവ നിറഞ്ഞതായിരുന്നു.

  Computer with cardboard monitor on office table. April fool’s day celebration

  മധ്യകാലത്ത് ഇംഗ്ലണ്ടിലും ഫ്രാന്‍സിലും കത്തോലിക്കാസഭ ആഘോഷിച്ചിരുന്ന ‘ഫീസ്റ്റ് ഓഫ് ഫൂള്‍സും’ വിഡ്ഢിദിനാഘോഷത്തിനു തുടക്കമിട്ടവയില്‍പ്പെടും. അമേരിക്കന്‍ ആഘോഷങ്ങളുടെ ചരിത്രം എഴുതിയ പുരാണകഥാകാരന്‍ ജാക്ക് സാന്റിനോയുടെ അഭിപ്രായ പ്രകാരം തുടക്കത്തില്‍ സഭാ അധികാരികള്‍ കാര്‍ണിവലിനു സമാനമായ ഈ ആഘോഷത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. പ്രച്ഛന്നവേഷം, കഴുതകളെ ആരാധനാലയങ്ങളില്‍ കൊണ്ടുവരിക, അധികാരസ്ഥാനങ്ങളെ കളിയാക്കുക എന്നിങ്ങനെയായിരുന്നു പരിപാടികള്‍. പുരോഹിതര്‍ക്കെതിരെ ആളുകള്‍ അമര്‍ത്തിവയ്ക്കുന്ന അമര്‍ഷം ഈ ആഘോഷം വഴി ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു സങ്കല്‍പം. എന്നാല്‍ അതിരുവിടുന്നുവെന്നു കണ്ട് 15ാം നൂറ്റാണ്ടില്‍ ഫീസ്റ്റ് നിരോധിച്ചു. അധികാരികളെ പരിഹസിക്കാനും പൊതുവെ ആഘോഷിക്കാനും കിട്ടുന്ന ഏതൊരു അവസരവുമെന്ന പോലെ ഈ ഫീസ്റ്റും എളുപ്പം ഇല്ലാതായില്ല. പല നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഈ ആഘോഷം കെട്ടടങ്ങിയത്.

  ഏപ്രില്‍ ഒന്നിനെക്കുറിച്ച്‌ ചില അന്ധവിശ്വാസങ്ങളും നിലവിലുണ്ട്‌. സുന്ദരിയായ യുവതി ഒരു യുവാവിനെ വിഡ്‌ഢിയാക്കുന്നുവെങ്കില്‍ അവള്‍ അവനെ വിവാഹം ചെയ്യണമെന്നുവിശ്വസിക്കുന്നവരും ഏപ്രില്‍ ഒന്നിന്‌ വിവാഹിതരായാല്‍ ഭര്‍ത്താവിനെ ഭാര്യ ഭരിക്കുമെന്നു കരുതുന്നവരുമൊക്കെയുണ്ട്. എന്തായാലും ഇന്ന് ലോകജനത മുഴുവന്‍ ഏപ്രില്‍ ഫൂള്‍കൊണ്ടാടുന്നു. ഓരോ നാടും അവരുടെ സ്വന്തം തമാശകളും വിഡ്ഡിത്തരങ്ങളുമായി ഏപ്രില്‍ ഫൂള്‍ ആഘോഷമാക്കി മാറ്റുന്നു. ഈ ജാതിമതപ്രായഭേദമില്ലാതെ ആര്‍ക്കും ആരേയും പറ്റിക്കാം; പരിധിവിടരുതെന്ന് മാത്രം.

  ഓരോ സ്ഥലത്തും ആഘോഷം പലതരത്തിലായിരുന്നു. ഫ്രാന്‍സില്‍ കുട്ടികള്‍ കടലാസ് മീനുകളെ ആളുകളുടെ പിന്നില്‍ കൊളുത്തിയിട്ടു. സ്‌കോട്‌ലാന്‍ഡില്‍ നിതംബത്തില്‍ ഒട്ടിക്കപ്പെടുന്ന ‘ കിക്ക് മി’ കടലാസുകളായിരുന്നു തമാശ.

  ഇങ്ങനെ ഈ ദിവസത്തെ കുറിച്ച് വാമൊഴിയായി പകർന്നുകിട്ടിയ ഒട്ടനവധികഥകളുണ്ട്. തീര്‍ത്തും വിശ്വസനീയമായതോ എഴുതിവയ്‌ക്കപ്പെട്ടതോ ആയ കഥകളൊന്നുമില്ലതാനും. എങ്കിലും ഏറെ കുസൃതിയോടെ എല്ലാ വിരുതന്മാരും വിരുതത്തികളും ബന്ധുക്കളും കൂട്ടുകാരുമൊക്കെ നുണ പറഞ്ഞ് ഈ ദിവസത്തിനായി കാത്തിരിക്കാറുണ്ട് അന്നേദിവസം മുട്ടൻ പണികിട്ടി നാണം കെടാത്തവരായി നമുക്കിടയിൽ ആരുംതന്നെ കാണില്ല. ഇപ്പോൾ ഈ കളിയിൽ നവമാധ്യമങ്ങൾ കൂടിയായപ്പോൾ കാര്യങ്ങൾ ഒന്നുകൂടി രസകരമായെന്നു വേണമെങ്കിൽ പറയാം….