52 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ ലോകകപ്പ് മോഷണകഥ

0

ലോകമൊന്നടങ്കം  അന്ന് ആ വാര്‍ത്ത കേട്ട് ഞെട്ടിയിരുന്നു. 1966 ലെ  ലോകകപ്പ്മോഷണം പോയിരിക്കുന്നു. ലോകകപ്പ് ചരിത്രത്തിലെ കുപ്രസിദ്ധ അദ്ധ്യായമായിരുന്നു  അത്.എന്നാല്‍ ഇത്ര വര്‍ഷങ്ങള്‍ക്കു ഇപ്പുറം ആ മോഷണകഥയുടെ സത്യം പുറത്തു വന്നിരിക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ റഷ്യയില്‍ തുടങ്ങാന്‍ 20 ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ 10 മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡെയ്‌ലിമിററാണ് വാര്‍ത്ത പുറത്തുവിട്ടത്.

അക്കാലത്തെ ക്രിമിനല്‍ സഹോദരങ്ങളായ സിഡ്‌നി കഗലറും സഹോദരന്‍ റെഗ്ഗും ആയിരുന്നത്രെ അതിനു പിന്നില്‍. ഇംഗ്‌ളണ്ട് ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ മത്സരങ്ങള്‍ നടക്കാനിരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കപ്പ് മോഷണം പോയത്. എന്നാല്‍ അധികൃതര്‍ നടത്തിയ കപ്പിന് വേണ്ടിയുള്ള തെരച്ചില്‍ കളി തുടങ്ങാന്‍ കേവലം ഏഴുദിവസം മാത്രം ബാക്കി നില്‍ക്കേ പിക്കിള്‍സ് എന്ന നായ കണ്ടെത്തുകയായിരുന്നു. അതേസമയം ഈ മോഷണം നടത്തിയതാരെന്ന വിവരം ഇപ്പോഴും അജ്ഞാതമായി തുടരുകയായിരുന്നു.

സംഭവം സ്‌കോട്‌ലന്റ് യാര്‍ഡ് ചരിത്രത്തില്‍ തന്നെ വര്‍ഷങ്ങളോളം വേട്ടയാടിയ അപമാനവും ജനറല്‍ ഇലക്ഷനിലെ വിഷയവും ആയിരുന്നു. 2005 ല്‍ 79 ാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് കഗലര്‍ മരിച്ചിട്ടും കള്ളനാരെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.റെഗ്ഗിന്റെ മകന്‍ ഗാരി ഉള്‍പ്പെടെ വിശ്വസനീയമായ മൂന്ന് സ്വതന്ത്ര കേന്ദ്രങ്ങളിലെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഡെയ്‌ലി മിറര്‍ വാര്‍ത്ത പുറത്തു വിട്ടത്. യാതൊരു സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും വെറുതെ ഒരു തമാശയ്ക്ക് വേണ്ടിയായിരുന്നു സിഡ്‌നി ഇക്കാര്യം ചെയ്തതെന്നും ഗാരി പറയുന്നു.