കാബൂളിൽ യുഎസ് വിമാനത്തിൽ തൂങ്ങിക്കയറിയ 7 പേർ വീണുമരിച്ചു: തിങ്ങിക്കൂടി 640 പേര്‍ അഫ്ഗാന്‍വിട്ടു

1

കാബൂൾ ∙ താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിൽ പരിഭ്രാന്തരായ ജനങ്ങളുടെ കൂട്ട പലായനം. വിമാനത്തില്‍ തിങ്ങിക്കൂടിയ ആളുകളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആളുകളെ ഒഴിപ്പിക്കാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തില്‍ 640 പേരാണ് ഇടിച്ചുകയറിയത്.

കാബൂൾ വിമാനത്താവളത്തിൽ യുഎസ് സേനാവിമാനത്തിലേക്കു തൂങ്ങിക്കയറിയ 7 പേർ വീണു മരിച്ചു. യുഎസ് സേന ആകാശത്തേക്കു വെടിവച്ചതോടെ ജനം ചിതറിയോടി. ആളുകൾ റൺവേയിലേക്ക് ഇരച്ചുകയറുന്നതിന്റെയും മറ്റു വിമാനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതിന്റെയും അമ്പരപ്പിക്കുന്ന കാഴ്ചകൾ ലോകത്തെ നടുക്കി.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ അവസാന അഭയമെന്നോണം വിമാനത്തിനുള്ളില്‍ കയറിപ്പറ്റുകയായിരുന്നു. കാബൂളില്‍ നിന്ന് ഖത്തറിലേക്കുള്ള സി-17 ഗ്ലോബ്മാസ്റ്റര്‍ || കാര്‍ഗോ ജെറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് യുഎസ് ഡിഫന്‍സ് മാധ്യമമമായ ഡിഫന്‍സ് വണ്‍ പുറത്തുവിട്ടത്. യാത്രക്കാരെ സുരക്ഷിതമായി കാബൂളില്‍ നിന്ന് ഒഴിപ്പിച്ചുവെന്ന് ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ വ്യോമമേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചതിനു പിന്നാലെ, എല്ലാ യാത്രാവിമാന സർവീസുകളും നിർത്തിവച്ചു. വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎസ് സേന ഇന്നലെ രാവിലെ തന്നെ ഏറ്റെടുത്തിരുന്നു.