ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍

0

കൊല്ലം: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നിലമേൽ കൈതോട് സ്വദേശി വിസ്മയ(24) ആണ് മരിച്ചത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിന് മുൻപ് യുവതിയ്ക്ക് ക്രൂര മർദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങൾ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പിൽ അയച്ചുകൊടുത്തിരുന്നു. ഇതിനുപിന്നാലെ വീട്ടുകാർ അറിഞ്ഞത് മരണവാർത്തയാണ്. വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ബന്ധുക്കള്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ മകളുടെ മൃതദേഹം വീട്ടില്‍ നിന്നും മാറ്റിയിരുന്നെന്നും മാതാപിതാക്കള്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് കിരണ്‍ കുമാർ. 2020 മാർച്ചിലായിരുന്നു ഇവരുടെ വിവാഹം

ബന്ധുക്കളുടെ പരാതിയെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മനോജ് അന്വേഷിക്കും. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കമ്മിഷൻ കൊല്ലം റൂറൽ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്