സൂപ്പര്‍ മൂണ്‍ കാഴ്ച നഷ്ടപ്പെടുത്തല്ലേ

0

ഏഴു പതിറ്റാണ്ടു കാലത്തിനിടയിലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന് കാണാന്‍ സാധിക്കും. 70 വര്‍ഷത്തിനിടയില്‍ ഭൂമിയുമായി ചന്ദ്രന്റെ ഭ്രമണപഥം ഏറ്റവും അടുത്തു വരുന്ന എക്‌സ്ട്ര സൂപ്പര്‍മുണ്‍ എന്ന പ്രതിഭാസത്തിന് ഇന്നും നാളയും ഭൂമി സാക്ഷ്യം വഹിക്കും.1948-ലാണ് ഇതിനു മുമ്പ് ഇത്ര അടുത്തെത്തുന്ന സൂപ്പര്‍മൂണ്‍ ദൃശ്യമായത്.

21-ാം നൂറ്റാണ്ടിലെ തന്നെ ഭൂമിയോട് ഏറ്റവും അടുത്തു ചന്ദ്രന്‍ വരുന്ന പൂര്‍ണ്ണചന്ദ്രദിനവും ഇതു തന്നെയാണ്. ഈ രാത്രിയില്‍ ചന്ദ്രന്‍ പതിവിലും 14 മടങ്ങോളം ഭൂമിയോട് അടുത്തുവരികയും 30 ശതമാനത്തോളം തിളക്കമേറിയതായി കാണപ്പെടുകയും ചെയ്യും.ചുവപ്പു പ്രകാശരശ്മികള്‍ കൂടുതലായി കേന്ദ്രികരിക്കുന്നതിനാല്‍ ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്‍ കൂടുതല്‍ ചുവപ്പു നിറത്തില്‍ കാണപ്പെടുന്നു. അതുകൊണ്ടു തന്നെ രക്തചന്ദ്രന്‍ എന്നും ഇത് അറിയപ്പെടുന്നു. തിങ്കളാഴ്ച മുതല്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം നോര്‍ത്ത് അമേരിക്കയുടെ ആകാശങ്ങളില്‍ കാണപ്പെടും. എന്നാല്‍ ഏഷ്യ-സൗത്ത് പസഫിക്ക് മേഖലകളിലാണ് ഈ പ്രതിഭാസം കൂടുതല്‍ വ്യക്തമായി കാണാനാകുക. സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിനൊപ്പം ശക്തമായ വേലിയേറ്റം ഉണ്ടാവുകയും തുടര്‍ന്ന് അടുത്ത പ്രഭാതത്തില്‍ വേലിയിറക്കം ഉണ്ടാകുകയും ചെയ്യും.

ഇന്നു സന്ധ്യയോടെയാണ് ചക്രവാളത്തില്‍ സൂപ്പര്‍മൂണ്‍ ദൃശ്യമാകുക. തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി ആകാശത്തു വലുപ്പമേറിയ ചന്ദ്രനെ കൂടുതല്‍ തിളക്കത്തോടെ കാണാം. അടുത്തമാസത്തെ (ഡിസംബര്‍ 13) പൂര്‍ണചന്ദ്രനും ഏകദേശം സൂപ്പര്‍മൂണിനു സമാനമായിരിക്കുമെന്നു വാനനിരീക്ഷകര്‍ പറയുന്നു.