മദ്യപിച്ചതും, ഫോൺ വിളിച്ചതും തന്നിഷ്ടത്തിന് വണ്ടിയോടിക്കൽ ഇനി വോള്‍വോ കാറുകളില്‍ നടപ്പുള്ള കാര്യമല്ല

1

സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ കാറുകൾ സുരക്ഷയുടെ കാര്യത്തിൽ ആഗോളവിപണിയിൽ തന്നെഏറ്റവും മികച്ചതാണ്. ലോകത്തെ ഏറ്റവും സുരക്ഷിത വാഹനങ്ങളും വോള്‍വോയുടെ ബ്രാന്‍ഡിലാണ്. സുരക്ഷാ സംവിധാനങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന വോൾവോ അപകടങ്ങൾ കുറയ്‌ക്കാൻ ചില പുത്തൻ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. വോൾവോക്കാർ ഉപയോഗിച്ച് ഒരാൾ പോലും മരിക്കരുതെന്നും ഗുരുതരമായി പരിക്കേല്ക്കരുതെന്നുമുള്ള ലക്ഷ്യത്തിൽ 2020 ഓടെ പുറത്തിറങ്ങുന്ന എല്ലാ കാറുകളിലും പരമാവധി വേഗം മണിക്കൂറില്‍ 180 കിലോമീറ്ററാക്കി നിജപ്പെടുത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനി അറിയിച്ചിരുന്നു. ഇതിനു പുറമെയാണ് അപകടങ്ങള്‍ കുറയ്ക്കാന്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെയും അലക്ഷ്യമായി ഡ്രൈവിങ് സീറ്റില്‍ പെരുമാറുന്നവരെയും നിയന്ത്രിക്കാന്‍ വോള്‍വോ സാങ്കേതിവിദ്യ കൊണ്ടുവരുന്നത്.

ഒരുപിടി സാങ്കേതികവിദ്യ മാറ്റങ്ങള്‍ ആണ് കാറില്‍ കൊണ്ടുവരുന്നത്. സ്‍മാര്‍ട്ട് സെന്‍സറുകള്‍, സ്‍മാര്‍ട്ട് സ്‍പീഡ് ലിമിറ്ററുകള്‍, ഡിസ്ട്രാക്ഷന്‍ സെന്‍സര്‍, ഇന്‍ടോക്സിക്കേഷന്‍ സെന്‍സര്‍ തുടങ്ങിയ കാറുകളില്‍ സ്ഥാപിക്കും – വോള്‍വോ തലവന്‍ ഹകാന്‍ സാമുവല്‍സണ്‍ വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‍സിനോട് പറഞ്ഞു.

നൂതന സെന്‍സറുകളും ക്യാമറയും ഉപയോഗപ്പെടുത്തി ഡ്രൈവര്‍ മദ്യപിച്ചും അമിത വേഗതയില്‍ അശ്രദ്ധമായും വാഹനമോടിക്കുന്നത് തിരിച്ചറിഞ്ഞ് അപകടം ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കം.വോള്‍വോ കാറുകളില്‍ ക്യാമറ, സെന്‍സര്‍ സംവിധാനങ്ങള്‍ പുതുതായി സ്ഥാപിക്കും. സുരക്ഷ ഉറപ്പുവരുത്താന്‍ ഇത് സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Graph – Dangerous behaviours have consequences

ബ്രീത്ത് അനലൈസറിന് സമാനമായ രീതിയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നും അശ്രദ്ധമായ ഡ്രൈവിങ്ങാണോയെന്നും തിരിച്ചറിയുന്ന കാര്‍ സ്വയം വേഗം കുറയ്ക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന സംവിധാനമാണ് കമ്പനി വികസിപ്പിക്കുന്നത്.മൊബൈല്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുമ്പോഴും വോള്‍വോ സ്വയം വേഗം കുറയ്ക്കും. അപകട സാധ്യത ഡ്രൈവറെ അറിയിക്കാനുള്ള ഒരു അപായ സൂചനയും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെപ്പെട്ടില്ലെങ്കില്‍ വോള്‍വോ ഓണ്‍ കോള്‍ അസിസ്റ്റന്‍സ് വഴി ശബ്ദ സന്ദേശമായും വോള്‍വോ ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിക്കും. എന്നിട്ടും ഡ്രൈവര്‍ പ്രതികരിച്ചിച്ചില്ലെങ്കില്‍ കാര്‍ സ്വയം വേഗത കുറച്ച് റോഡിന്റെ വശം ചേര്‍ത്ത് പാര്‍ക്ക് ചെയ്യാനുള്ള നൂതന സംവിധാനമാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തുക.