വിവാദങ്ങൾക്ക് വിട; ഡോ. പ്രിയാ വർഗീസിന്റെ നിയമനത്തിന് സിൻഡിക്കേറ്റ് അംഗീകാരം

0

കണ്ണൂർ: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചു. വിവാദങ്ങളെ തുടർന്ന് മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയായിരുന്നു. ഇന്ന് ചേർന്ന സിണ്ടിക്കേറ്റ് ആണ് നിയമനത്തിന് അംഗീകാരം നൽകിയത്. പ്രിയയ്ക്ക് അനുകൂലമായ നിയമോപദേശം വാങ്ങിയ ശേഷമാണ് നിയമനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മതിയായ യോഗ്യതയില്ലാഞ്ഞിട്ടും തിരഞ്ഞെടുത്തു എന്നായിരുന്നു ആരോപണം. അതേസമയം, വി സി നിയമനത്തിനുളള പ്രത്യുപകാരമെന്ന് സെനറ്റ് അംഗം ഡോ. ആർ കെ ബിജു വിമര്‍ശിച്ചു.

പ്രിയാ വർഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആക്ഷേപം. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേഷണ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2012 ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റൻറ് പ്രൊഫസറായി നിയമനം ലഭിച്ച കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്ന് വർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയത്. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. അപ്പോള്‍ പ്രയാ വര്‍ഗിസീന്‍റെ ആകെ അധ്യാപന പരിചയം നാല് വര്‍ഷം മാത്രമാണ് എന്ന് വ്യക്തം.

ഗവേഷണം കഴിഞ്ഞ് 2019 മുതല്‍ രണ്ട് വര്‍ഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഇവര്‍ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. ഭരണപരമായ ഉത്തരവാദിത്വം മാത്രം ഉളളതിനാല്‍ ഈ തസ്തികയും അധ്യാപന പരിചയത്തില്‍ ഉള്‍പ്പെടുത്താനാകില്ല. എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്ന് കാണിച്ചാണ് പ്രിയ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തുടക്കത്തില്‍ ഒന്നരലക്ഷം രൂപ മാസ ശമ്പളമുള്ള അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. അഭിമുഖത്തിൽ പ്രിയയെ പങ്കെടുപ്പിക്കാൻ തീരുമാനിക്കുമ്പോൾ തന്നെ വിഷയം വിവാദമായിരുന്നു. പിന്നീട് അഭിമുഖത്തിൽ പ്രിയ വർഗീസ് ഒന്നാം റാങ്ക് നേടുകയും ചെയ്തു. പക്ഷേ നിയമം നടത്തിയില്ല. യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നാണ് വൈസ് ചാൻസിലർ പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്യാനായി വിനിയോഗിച്ച് കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്നതിൽ വ്യക്തത ഇല്ലെന്നായിരുന്നു വിസിയുടെ വിശദീകരണം.