പാലേരിമാണിക്യത്തിന്റെ കഥാകാരൻ; ടി പി രാജീവൻ അന്തരിച്ചു

0

പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അന്തരിച്ചു. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ 11.30ഓടെയായിരുന്നു അന്ത്യം. 63 വയസായിരുന്നു. വൃക്ക രോ​ഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

ടി പി രാജീവന്റെ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ അതേ പേരിലും കെടിഎൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന കൃതി ഞാൻ എന്ന പേരിലും സിനിമയായിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ ജീവനക്കാരനായിരുന്ന ടി പി രാജീവൻ പിന്നീട് വിആർഎസ് എടുത്ത് എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇം​ഗ്ലീഷിലും മലയാളത്തിലും ടി പി രാജീവൻ എഴുതിയിരുന്നു.

വാതില്‍, കോരിത്തരിച്ച നാള്‍, വയല്‍ക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം മുതലായവയാണ് കവിതാസമാഹാരങ്ങള്‍. പുറപ്പെട്ടുപോകുന്ന വാക്ക് എന്ന പേരില്‍ ഒരു യാത്രാവിവരണവും അതേ ആകാശം അതേ ഭൂമി എന്ന പേരില്‍ ഒരു ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്‌കാരം വൈകീട്ട് മൂന്നിന് നരയംകുളത്തെ വീട്ടുവളപ്പില്‍ നടക്കും. രാവിലെ 9 മുതല്‍ 11 വരെ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഭാര്യ: പി ആര്‍ സാധന. മക്കള്‍: ശ്രീദേവി, പാര്‍വതി.