അരക്ഷിതമാവുന്ന അഫ്‌ഗാനിസ്താൻ

0

അഫ്‌ഗാനിസ്താൻ വീണ്ടും താലിബാൻ ഭരണത്തിലേക്കുള്ള തിരിച്ചു പോക്കിലേക്കുള്ള പാതയിലാണോ എന്ന കാര്യം അസ്വസ്ഥതയുളവാക്കുന്നതാണ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവചനം യാഥാർത്ഥ്യമാകുകയാണെങ്കിൽ ആറു മാസത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ മേധാവിത്വം ഉണ്ടായേക്കാം. അത് അഫ്‌ഗാനിസ്താനെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഇന്ത്യയുൾപ്പെടെയുള്ള സമീപ രാജ്യങ്ങളെയും ആശങ്കയിലാക്കുന്ന രാഷ്ട്രീയ സംഭവ വികാസമായി മാറിത്തീർന്നേക്കാം. കാശ്മീർ വിഷയമടക്കമുള്ള കാര്യങ്ങളിൽ പാക്കിസ്ഥാൻ്റെ തനിനിറം പുറത്തു വരാൻ ഇത് കാരണമായിത്തീരും.

അരക്ഷിതമായിത്തീരുന്ന അഫ്‌ഗാൻ അയൽ രാജ്യങ്ങൾക്കെല്ലാം തലവേദന തന്നെയാണ്. അഫ്ഗാനിസ്ഥാൻ സ്ഥിരതയും സമാധാനവുള്ള രാജ്യമായിത്തീരേണ്ടത് ആ മേഖലയിലുള്ള സമീപ രാജ്യങ്ങളുടെ സമാധാനപരമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ സാന്നിദ്ധ്യം ഇപ്പോഴും തുടരുകയാണ്. അഫ്ഗാനിസ്ഥാനിനെ അതിൻ്റെ വഴിക്ക് വിട്ട് കൊടുത്ത് ഒഴിഞ്ഞ് പോകാനുള്ള അമേരിക്കൻ പ്രസിഡണ്ട് ബൈഡൻ്റെ തീരുമാനം എന്ത് മാറ്റമാണ ഉണ്ടാക്കാൻ പോകുന്നത് എന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.

അഫ്ഗാനിസ്ഥാനിൽ ജനാധിപത്യം പുലരാനും അഫ്ഗാനിസ്ഥാനിൻ്റെ പുനർനിർമ്മാണത്തിനും ഇന്ത്യ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. സമീപ രാജ്യത്തിൻ്റെ സമാധാനവും സ്ഥിരതയും തന്നെയാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. അയൽ രാജ്യത്തിലുണ്ടാകുന്ന അസ്വസ്ഥതകൾ നമുക്ക് തലവേദനയുണ്ടാകാതെയിരിക്കട്ടെ എന്ന് മാത്രം നമുക്ക് ആഗ്രഹിക്കുകയേ ഇപ്പോൾ നിവൃത്തിയുള്ളൂ’ സമാധാനം ശാശ്വതമായി നിലനിർത്താൻ അഫ്‌ഗാനിസ്താനു കഴിഞ്ഞാൽ നല്ലത്. താലിബാൻ പിടിമുറുക്കുന്നു എന്ന വാർത്തകൾ ഒട്ടും ആശ്വാസകരമല്ല.