തമിഴ് നടിയും ഗായികയുമായ പറവൈ മുനിയമ്മ അന്തരിച്ചു

0

മധുര: തമിഴ് ചലച്ചിത്രനടിയും നാടൻപാട്ട് കലാകാരിയുമായ പറവൈ മുനിയമ്മ അന്തരിച്ചു. 83 വയസായിരുന്നു.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. മധുരയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം.

നാടൻ പാട്ടുകളിലൂടെ ശ്രദ്ധേയായ മുനിയമ്മ വിക്രമിന്റെ ധൂളിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തുവച്ചത്. പോക്കിരിരാജയിലൂടെ മലയാളികൾക്കും സുപരിചിതയായി. കോവിൽ, തമിഴ്പടം തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. 2012 ൽ തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്.

സംഗീതസംവിധായകൻ വിദ്യാസാഗറാണ് മുനിയമ്മയെ സിനിമയിൽ അവതരിപ്പിച്ചത്. അതിനുമുമ്പും ചലച്ചിത്ര സംഗീത സംവിധായകർ കംപോസിങ്ങിനും മറ്റുമായി മുനിയമ്മയുടെ സഹായം തേടിയിരുന്നു. മുത്തു എന്ന ചിത്രത്തിന് മുമ്പ് എ.ആർ റഹ്മാൻ മുനിയമ്മയെ കണ്ടശേഷമാണ് ഒരു ഗാനത്തിനുള്ള ഈണം ചിട്ടപ്പെടുത്തിയത്.