സെറ്റ് ടോപ് ബോക്സ് ഇനി ഇന്ത്യയിൽ നിർമ്മിക്കും: വമ്പൻ പ്രഖ്യാപനവുമായി ടാറ്റ സ്കൈ

രാജ്യത്തെ മുൻനിര ഡിടിഎച്ച് സേവന ദാതാക്കളായ ടാറ്റ സ്കൈ സെറ്റ് ടോപ് ബോക്സ് നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റുന്നു. ടെക്നികോളറുമായി ചേർന്നാണ് നിർമ്മാണവും വിതരണവും നിശ്ചയിച്ചിരിക്കുന്നത്. തുടക്കത്തിൽ ഡിജിറ്റൽ സെറ്റ് ടോപ് ബോക്സ്, ടാറ്റ സ്കൈ ബിഗ് + എന്നിവയാണ് നിർമ്മിക്കുക.

അടുത്ത വർഷം തുടക്കത്തിൽ തന്നെ നിർമ്മാണം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ടാറ്റ സ്കൈ എംഡിയും സിഇഒയുമായ ഹരിത് നാഗ്പാൽ പറഞ്ഞു. എവിടെയായിരിക്കും പ്ലാന്റ് സ്ഥാപിക്കുക എന്ന് വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ തായ്‌‌ലന്റിൽ നിന്നും വിയറ്റ്‌നാമിൽ നിന്നുമാണ് സെറ്റ് ടോപ് ബോക്സുകൾ ഇറക്കുമതി ചെയ്യുന്നത്.

ടെക്നികോളർ കമ്പനിയും ടാറ്റ സ്കൈയും തമ്മിൽ ദീർഘനാളായി നിലനിന്ന ചർച്ചകളാണ് ഫലം കാണുന്നത്. ഇന്ത്യയിൽ നിർമ്മാണം ആരംഭിക്കുമ്പോൾ അത് വിലയിൽ എങ്ങിനെ പ്രതിഫലിക്കുമെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. 2006 ലാണ് ടാറ്റ സ്കൈ ഡിടിഎച്ച് സേവനം നൽകിയത്. തുടക്കം മുതൽ തന്നെ ഇന്ത്യയിൽ മികച്ച സ്വാധീനം നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2019 ഡിസംബറിലെ ട്രായ് റിപ്പോർട്ട് പ്രകാരം 22 ദശലക്ഷം വരിക്കാരാണ് ടാറ്റ സ്കൈക്ക് ഉള്ളത്.