മലയാളികള്‍ തായ് ലാന്‍ഡിലേക്ക് ഒഴുകുന്നു ,കൊച്ചി സര്‍വീസ് ലക്ഷ്യമിട്ട് തായ് ലയണ്‍ എയറും.

1
PE_Template_800x800_4

ബാങ്കോക്ക്‌ : തായ് ലാന്‍ഡ് മലയാളികളുടെ ഇഷ്ടവിനോദസഞ്ചാര മേഖലയായിട്ട് വര്‍ഷങ്ങളായി.ബാങ്കോക്കും ,പാട്ടായയുമെല്ലാം ഏതൊരു മലയാളി സഞ്ചാരിക്കും സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു.എന്നാല്‍ നേരിട്ടുള്ള വിമാന സര്‍വീസുകളുടെ അഭാവം വിലങ്ങുതടിയായി മാറിയപ്പോഴാണ് ചുരുങ്ങിയ നിരക്കില്‍ നേരിട്ട് ബാങ്കോക്കിലേക്ക് സര്‍വീസുമായി തായ്‌ എയര്‍ ഏഷ്യ വരുന്നത്.കഴിഞ്ഞ വര്‍ഷം തുടങ്ങിയ റൂട്ടില്‍  മിക്ക ദിവസങ്ങളിലും നിറയെ യാത്രക്കാരുമായാണ് സര്‍വീസ് നടത്തുന്നത്.എയര്‍ ഏഷ്യ സര്‍വീസിന്റെ എണ്ണം വര്‍ധിപ്പിക്കാനിരിക്കെയാണ് തായ് ലയണ്‍ എയറിന്റെ അപ്രതീക്ഷിത നീക്കം.ഒക്ടോബര്‍ അവസാനം മുതല്‍ ദിവസേനെ ഓരോ സര്‍വീസുകള്‍ നടത്താനാണ് ലയണ്‍ എയര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.എയര്‍ ഏഷ്യയുടെ സര്‍വീസ് സമയവുമായി കിട പിടിക്കുന്ന ഷെഡ്യൂളാണ് ലയണ്‍ എയര്‍ നല്‍കിയിരിക്കുന്നത്.രാത്രി 10 മണിക്ക് ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ടു രാവിലെ 1.05-ന് കൊച്ചിയില്‍ എത്തുകയും ,തുടര്‍ന്ന് 2.05-ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുകയും ചെയ്യുന്ന രീതിയിലാണ്‌ ലയണ്‍ എയര്‍ സര്‍വീസ് നടത്തുക .വൈകിട്ട് 9.55-നാണ് എയര്‍ ഏഷ്യ ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നത്.

നിരക്കിനെ സംബധിച്ച വിവരങ്ങള്‍ ഇതുവരെയും ലഭ്യമല്ല.എന്നാല്‍ ലയണ്‍ എയര്‍ സാധാരണയായി ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനിയാണ്.തായ് എയര്‍ ഏഷ്യ എയര്‍ ബസ് സര്‍വീസിനായി ഉപയോഗിക്കുമ്പോള്‍ തായ് ലയണ്‍ എയര്‍ ബോയിംഗ് ആണ് കൊച്ചിയിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്‌.ലയണ്‍ എയറിന്റെ സഹോദരവിമാന കമ്പനിയായ മലിന്‍ഡോ കൊച്ചിയില്‍ നിന്ന് കൊലാലം പൂരിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ബാങ്കോക്ക് എന്നതിലുപരി തായ്‌ലന്റിലെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കാനും തായ് ലയണ്‍ എയരറിന് സാധിക്കും. ഫുകെറ്റിലെയും ക്രാബിലെയും ലോകപ്രശസ്ത ബീച്ചുകളും വടക്കേ തായ്‌ലന്റിലെ ഹരിതാഭമായ പാറക്കൂട്ടങ്ങളും ചിയാങ് റായ്യുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.ലയണ്‍ എയറിന്റെ ട്രാന്‍സിറ്റ് ഉപയോഗിച്ച് ഇന്തോനേഷ്യയിലെ എല്ലാ വിമാനത്താവളത്തിലേക്കും യാത്ര ചെയ്യുവാനും സാധിക്കും. 85% യാത്രക്കാരെ ഓരോ വിമാനത്തിലും ലഭിക്കുമെന്ന പ്രത്യാശ അധികൃതര്‍ പ്രകടിപ്പിക്കുന്നുണ്ട് .ആവശ്യകത അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുവാനും ലയണ്‍ എയര്‍ സന്നദ്ധമാണ് എന്ന് അറിയിച്ചു

സ്വാദിഷ്ടമായ തായ് വിഭവങ്ങളെക്കൂടാതെ മെഡിക്കല്‍ ടൂറിസവും  തായ് ലാന്‍ഡില്‍ പ്രസിദ്ധമാണ്. ബാങ്കോങിലെ ഷോപ്പിംഗ് മാളുകള്‍, രാത്രി ജീവിതം, ബീച്ചുകള്‍, മനോഹരമായ പ്രകൃതി, പച്ചപ്പ് നിറഞ്ഞ പാറക്കൂട്ടങ്ങള്‍ എന്നിവയെല്ലാം സഞ്ചാരികളെ ആകരഷിക്കുന്നവയാണ്.കേരളത്തിലെ ജനങ്ങളുടെ വര്‍ധിച്ചുവരുന്ന സഞ്ചാരപ്രേമവും , മലയാള സിനിമകള്‍ വിദേശ ടൂറിസ്റ്റ് രാജ്യങ്ങളില്‍ കൂടുതലായി ഷൂട്ടിംഗ് ചെയ്യുന്നതും പുതിയ സര്‍വീസിനു മുതല്‍ക്കൂട്ടാകും .