ഹൃദയം കൊണ്ടവര്‍ എഴുതി ‘നന്ദി’

0

വലിയൊരു ദുരിതകയത്തില്‍ നിന്നും കേരളം കരകയറുകയാണ്. ദുരിതത്തില്‍ പകച്ചു നിന്ന് പോയവരെ രക്ഷിക്കാന്‍ കൈമെയ്മറന്നു കൂടെ നിന്നവരെ കേരളം ഇനി ഒരു കാലത്തും മറക്കില്ല. ഈ അവസരത്തില്‍ ആരോ ഒരു വീടിന്റെ മുകളില്‍ കോറിയിട്ട് ആ നന്ദി വൈറലാവുകയാണ്. 

ആരായിരിക്കും അങ്ങനൊരു നന്ദി ആ വീടിനു മുകളിൽ എഴുതിയിട്ടത്? ആരായാലും അതു ഹൃദയത്തിൽനിന്നു വന്നതാണ്. ആലുവ ചെങ്ങമനാട്ടു പൂർണഗർഭിണിയായ സാജിദയെന്ന യുവതിയെ നാവിക സേനാ കമാൻഡർ വിജയ് വർമയും സംഘവും അതിസാഹസികമായി വീടിനു മുകളിൽനിന്നാണ് രക്ഷിച്ചത്. നാവികസേനാ ആശുപത്രിയിൽ എത്തിയ യുവതി ഉച്ചയോടെ ആൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. സാജിദയ്ക്കൊപ്പം മറ്റൊരു സ്ത്രീയെയും സേന രക്ഷിച്ചിരുന്നു. ഈ വീടിനു മുകളിൽ അപ്രതീക്ഷിതമായി ഒരു നന്ദി എഴുതിച്ചേർത്തിരിക്കുകയാണ് അജ്ഞാതൻ. കെട്ടിടത്തിനു മുകളിൽ വെളുത്ത പെയ്ന്റ് ഉപയോഗിച്ച് ‘താങ്ക്സ്’ എന്നാണ് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നത്. 

മലയാളിയായ കമാൻഡർ വിജയ് വർമയും സംഘവും സമ്മാനങ്ങളുമായി കഴിഞ്ഞ ദിവസം നേവൽബേസിലെ ആശുപത്രിയിൽ എത്തി സാജിദ ജബീലിനെയും കുഞ്ഞിനെയും കണ്ടിരുന്നു. സാജിദ കുടുങ്ങിപ്പോയ കെട്ടിടം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. ചുറ്റിലും വെള്ളവും മരങ്ങളും മാത്രം. ഡോ. മഹേഷിനെ ആദ്യം താഴെയിറക്കി. ഉടൻ ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ‘പൂർണ ഗർഭിണിയെ ഹെലികോപ്ടറിലേക്ക് ഉയർത്തുന്നതിൽ അൽപം അപകട സാധ്യതയുണ്ടായിരുന്നു. എങ്കിലും രണ്ടു ജീവൻ രക്ഷിക്കേണ്ട സാഹചര്യമായതിനാൽ മറ്റൊന്നും ആലോചിച്ചില്ല. സാജിദ ധൈര്യപൂർവം തയാറാകുകയും നിർദേശങ്ങളെല്ലാം അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു’– കമാൻഡർ വിജയ് വർമ ഒാർക്കുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.