കേരളത്തില്‍ സിനിമ തീയറ്ററുകള്‍ നാളെ തുറക്കും; വിജയ് ചിത്രം മാസ്റ്റര്‍ ആദ്യപ്രദര്‍ശനം

0

തിരുവനന്തപുരം: പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകള്‍ ബുധനാഴ്ച തുറക്കുന്നു. സൂപ്പര്‍ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂലനിലപാടെടുത്തതോടെയാണ് തീരുമാനം.

മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ചയിൽ തിയറ്ററുകളുടെ വിനോദ നികുതി ഈ മാസം മുതൽ അടുത്ത മാർച്ച് വരെ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് തിയറ്റർ തുറക്കാനുള്ള പ്രഖ്യാപനം വന്നത്. തിയറ്ററുകൾ അടഞ്ഞുകിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കും. ബാക്കി തുക ഗഡുക്കളായി അടയ്ക്കാം.

മാസ്റ്ററിന് ശേഷം മലയാള സിനിമകള്‍ മുന്‍ഗണന ക്രമത്തില്‍ റിലീസ് ചെയ്യും. ഫിയോക്ക് ചെയര്‍മാന്‍ ദിലീപ് ഉ ള്‍പ്പടെ പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. സിനിമ മേഖലയെ പിന്തുണച്ച സര്‍ക്കാര്‍ നിലപാടില്‍ നടന്മാരായ മോഹന്‍ലാല്‍,പൃഥിരാജ് ഉള്‍പ്പടെയുള്ളവര്‍ സമൂഹ്യമാധ്യമങ്ങളിലൂടെയും നന്ദി അറിയിച്ചു. ജനുവരി 5ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിയറ്റര്‍ തുറക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.എന്നാല്‍ സിനിമ മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന നിലപാടില്‍ സിനിമ സംഘടനകള്‍ ഉറച്ച് നിന്നതോടെയാണ് തീരുമാനം വൈകിയത്.