ഹോം ക്വാറന്റീനിലുള്ളവർ ഈ കാര്യങ്ങൾ പാലിക്കണം

0

കേരളത്തിലേയ്ക്ക് വിവിധരാജ്യങ്ങളിൽ കഴിയുന്ന മലയാളികളായ പ്രവാസികളുടെയും ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെയും മടങ്ങിവരവ് ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റീന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയിട്ടുണ്ട്. ഹോം ക്വാറന്റീനിൽ പോകുന്നവർ റൂം ക്വാറന്റീനിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശമിറക്കി.

ഹോം ക്വാറന്റീനിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • അടച്ചിട്ട മുറിയിലാണ് ക്വാറന്റീനിലുള്ളവർ കഴിയേണ്ടത്. മുറിക്കുള്ളിൽ പൂര്‍ണമായും വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തണം.അറ്റാച്ചഡ് ശുചിമുറി ഉള്ളതുമായ മുറി വേണം.ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാല്‍ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളില്‍ താമസിക്കാന്‍ സൗകര്യമേര്‍പ്പെടുത്തും.
 • എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതെ ജനാലകള്‍ തുറന്നിട്ട് മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം
 • വീട്ടിലെ മറ്റുള്ളവരുമായി ഒരു വിധത്തിലുള്ള സമ്പർക്കവും പാടില്ല. മുറിയുടെ വാതിൽ തുറന്ന് മറ്റാരും ഉള്ളിൽ കയറരുത്.
 • യാതൊരു കാരണവശാലും മുറി വിട്ട് പുറത്തു പോകരുത്.
 • ഭക്ഷണം ഉള്ളില്‍നിന്ന് എടുക്കാവുന്ന രീതിയില്‍ മുറിക്കു പുറത്ത് വയ്ക്കണം.
 • നിരീക്ഷണത്തിലുള്ളവർ സ്പർശിച്ചിട്ടുള്ള ഒന്നിലും മറ്റുള്ളവർ തൊടരുത്.
 • ഇവർക്ക് ഭക്ഷണം നൽകാനും മറ്റുമുള്ള പരിചരണവും ഒരാൾ മാത്രം ശ്രദ്ധിക്കണം. അവർ 18നും 50നും മധ്യേ പ്രായമായവരാകണം.
 • നിരീക്ഷണത്തിലുള്ള ആളിനു മുറിക്കു പുറത്ത് ഭക്ഷണം വച്ചാൽ മതി. മാസ്ക് ധരിച്ചേ ഭക്ഷണവുമായി പോകാവൂ. വാതിലിൽ തൊടരുത്.
 • നിരീക്ഷണത്തിൽ കഴിയുന്നവരുടെ വസ്ത്രങ്ങളും പാത്രങ്ങളും അവർ തന്നെ കഴുകണം.
 • വസ്ത്രങ്ങള്‍ 20 മിനിറ്റ് ബ്ലീച്ചിംഗ് ലായനിയില്‍ മുക്കിവച്ചശേഷം സോപ്പ് ഉപയോഗിച്ച് കഴുകണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ കലക്കിവച്ച് അരമണിക്കൂറിന് ശേഷം കിട്ടുന്ന തെളിയാണ് ബ്ലീച്ചിംഗ് ലായനി.
 • സ്വന്തം മുറിയും ശുചിമുറിയും അവർ തന്നെ വൃത്തിയാക്കണം.
 • ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കുന്ന പാത്രങ്ങള്‍ സോപ്പ് ഉപയോഗിച്ചോ അണുനാശിനി ഉപയോഗിച്ചോ പ്രത്യേകം കഴുകണം.
 • ക്വാറന്റീനില്‍ കഴിയുന്നയാള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും വസ്തുക്കളും മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല.
 • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് വായയും മൂക്കും മറയ്ക്കണം.
 • വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കരുത്. വീട്ടിലുള്ളവര്‍ അത്യാവശ്യത്തിനല്ലാതെ പുറത്തു പോകുകയുമരുത്.
 • വൈറസ് ബാധയുടെ ലക്ഷണങ്ങളോ മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടായാല്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം ഉപയോഗിക്കുകയോ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഫോണ്‍ മുഖേന ബന്ധപ്പെടുകയോ ചെയ്യണം.