‘ഉണക്കമുന്തിരി മടുക്കുവോളം’: ഹൃദയത്തിലെ മൂന്നാമത്തെ ഗാനം പുറത്ത്; പ്രണവിനൊപ്പം കല്യാണിയും

0

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’ . പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ‘ദര്‍ശന’ സോംഗ് ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. പിന്നാലെ ഇറങ്ങിയ ‘അരികെ’ എന്ന ​ഗാനവും ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ.

‘ഉണക്ക മുന്തിരി’ എന്ന് തുടങ്ങുന്ന ​ഗാനം എഴുതിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയാണ് ആലപിച്ചിരിക്കുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സം​ഗീതം. തലശ്ശേരി സ്റ്റൈലിലുള്ള വിനീതിന്റെ വരികള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തിന്‍റെ സംഗീത സംവിധായകന്‍. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.