ചിത്രശലഭത്തിന്റെ ചിറകുകള്‍ കരിഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ ?

0

അച്ഛന്‍ പറയുന്നത് മാത്രമേ അവള്‍ അനുസരിച്ചിട്ടുണ്ടാകൂ..അത് കൊണ്ട് തന്നെ ജന്മം നല്‍കിയ അച്ഛന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയപ്പോഴും അവള്‍ പരാതിയില്ലാതെ നിന്ന് കത്തി. അച്ഛനൊപ്പം അമ്മയെയും അനിയത്തിയെയും അഗ്നി വിഴുങ്ങുന്നത് അവള്‍ കണ്ടു കാണും..ഒരു പരാതിയും അവള്‍ പറഞ്ഞില്ല, ഒന്നുറക്കെ കരയാന്‍ പോലുമുള്ള ത്രാണി ആ കുഞ്ഞുതൊണ്ടയില്‍ അവശേഷിച്ചിട്ടുണ്ടാവില്ല..

ചിത്രശലഭത്തിന്റെ ചിറകുകള്‍ കരിഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ ? ഈ ഭൂമിയില്‍ ഗതികെട്ട ഒരച്ഛന്റെ മകളായി പിറന്നു വീണു പോയത് കൊണ്ട് മാത്രമാണ് കഴിഞ്ഞ ദിവസം രണ്ടു കുഞ്ഞു ശലഭങ്ങള്‍ ചിറകുകള്‍ കരിഞ്ഞു വീണു പോയത്.  തിരുനല്‍വേലി കലക്ടറേറ്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത ഇസക്കിമുത്തുവിന്റെ മകളാണ് അവള്‍. നാലു വയസുകാരി ശരണ്യ.

വട്ടിപ്പലിശക്കാരുടെ പിടിയില്‍ നിന്നും തന്നെയും കുടുംബത്തെയും രക്ഷിക്കണമെന്ന് കെഞ്ചി കൊണ്ട് മുന്പ് പലവട്ടം ഇസക്കിമുത്തു കുടുംബത്തോടൊപ്പം തിരുനല്‍വേലി കലക്ട്രേറ്റില്‍ പരാതി പറയാന്‍ വന്നിട്ടുണ്ട്. പലിശക്കാരന്റെ കൈയ്യില്‍ നിന്നും വാങ്ങിയ 1.45ലക്ഷം കടമായി വാങ്ങിയത് പലിശയടക്കം 2.34ലക്ഷമായി തിരികെ നല്‍കിയിട്ടും ഭീഷണി തുടര്ന്നപ്പോഴാണ് ഒരശ്രയത്തിനു ഈ കുടുംബം സര്‍ക്കാരിനെ സമീപിച്ചത്. പലിശയായി ഒന്നര കൂടി കിട്ടണമെന്നായിരുന്നു ഭീഷണി.. അതായത് എട്ടു മാസത്തിന് 150 ശതമാനത്തിലേറെ പലിശ. പക്ഷെ എന്ത് ഫലം. പാവങ്ങളായ ഈ കുടുംബത്തിനെ സഹായിക്കുന്നതിനു പകരം വട്ടിപ്പലിശക്കാരുടെ ഭാഗം ന്യായമെന്നു പറഞ്ഞു  പൊലീസ് അവരെ മടക്കി. ഒടുവില്‍ ഭീഷണി സഹിക്കാനാകാതെ വന്നപ്പോഴാണ് ഈ  കുടുബം കലക്ടറേറ്റിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.  ഇസക്കിമുത്തുവിന്റെ ഭാര്യ സുബുലക്ഷിമിയും മക്കളായ നാലു വയസുകാരി ശരണ്യയും , ഒന്നര വയസുകാരി അക്ഷയ ഭരണികയും  മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ഇസക്കിമുത്തു ഇന്ന് മരിച്ചു.

ഇനിയാരുടെയും സഹായം ആ കുടുംബത്തിനു വേണ്ട…ഒരു സഹായധനവും കൈപറ്റാന്‍ , എവിടെയും കയറിയിറങ്ങാന്‍ ഇനിയാരും ആ കുടുംബത്തില്‍ ബാക്കിയില്ല…പാവങ്ങളുടെ സഹായത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടവര്‍ ഇവിടെ വട്ടിപലിശക്കാരന്റെ ഭാഗം ചേര്‍ന്നു..ഓരോ ദിവസത്തെയും അന്നത്തിനു വക തേടി കഷ്ടപെട്ട ആ കുടുംബത്തിന്റെ നൊമ്പരം കാണാതെ അധികാരികള്‍ കണ്ണുകള്‍ പൂട്ടിവെച്ചതായി നടിച്ചു..

മരണം തീഗോളമായി വന്നു മൂടിയപ്പോഴും ഒന്ന് അനങ്ങാതെ നിന്ന് കത്തിയ ആ പിഞ്ചു കുഞ്ഞിന്റെ രൂപം എത്ര കാലം മനസ്സിനെ നീറിക്കും..പൊള്ളിയടര്‍ന്ന ശരീരവുമായി താഴെ വീണു കിടന്ന അവളുടെ അനിയത്തിയുടെ തീകൊള്ളി പോലത്തെ രൂപം എത്ര വട്ടം കണ്ടില്ലെന്നു നടിച്ചാലും ഓര്‍മ്മയില്‍ വന്നു നില്‍ക്കും.അവള്‍ എന്തുകൊണ്ടാകും ഒന്ന് നിലവിളിക്കുകയോ ജീവിതത്തെ നോക്കി ആര്‍ത്തിയോടെ ഓടുകയോ ചെയ്യാതിരുന്നത് ?

കോടികള്‍ സര്‍ക്കാരിനെ പറ്റിച്ചു കടത്തിയ കള്ളന്മാര്‍ക്ക് നമ്മള്‍ ജയ് വിളിക്കും. കീഴടങ്ങാന്‍ അവര്‍ക്ക് ആവോളം സമയവും, ജയില്‍ മുറികളില്‍ ഏറ്റവും നല്ല സൌകര്യങ്ങളും നല്‍കും. എന്നിട്ടും മതിയായില്ലെങ്കില്‍ ശിക്ഷാകാലം വരെ കുറയ്ക്കും. പക്ഷെ ചോര നീരാക്കി, ഒരു നേരത്തെ അന്നം പോലും ഉപേക്ഷിച്ചു കഷ്ടപെട്ടുണ്ടാക്കിയ പണത്തിനു വേണ്ടി കഴുകന്മാര്‍ വന്നപ്പോള്‍ രക്ഷയ്ക്കായി ഓടിവന്നൊരു കുടുംബത്തെ നമ്മള്‍ ആട്ടിയോടിച്ചു.

നൊന്തുപ്രസവിച്ച കുഞ്ഞുങ്ങളെ മരണത്തിനു വിട്ടുകൊടുക്കാന്‍ ആ അച്ഛനെയും അമ്മയെയും പ്രേരിപ്പിച്ചത് ഈ ഗതികേട് തന്നെയാകും. പരാതികള്‍ ഇല്ലാത്ത ലോകത്തേക്ക് അവരെ കൂടി കൂട്ടാന്‍ ഒരുങ്ങിയപ്പോള്‍ ആ അച്ഛന്റെ കൈ വിറയ്ക്കാതെ ഇരുന്നതും അതുകൊണ്ടാകും..

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.