തേനിയിലെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ സംഖ്യ 12 ആയി; ഇത്ര വലിയ ട്രെക്കിംഗ് സംഘത്തിന് അനുമതി ഉണ്ടായിരുന്നോ ?

1

തേനിയില്‍ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ സംഖ്യ 12 ആയി. ട്രെക്കിംഗിന് എത്തിയ 40 പേര്‍ അടങ്ങുന്ന സംഘമാണ് കാട്ടുതീയില്‍ പെട്ടത്. ഇതു വരെ 27 പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തിരിച്ചില്‍ തുടുരകയാണ്. തീ നിയന്ത്രണവിധേയമായിയെന്നു അധികൃതര്‍ അറിയിച്ചു.80% വരെ പൊള്ളലേറ്റവരാണു ഇപ്പോള്‍ കാട്ടിൽ കുടുങ്ങിയിരിക്കുന്നത്. അവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നേവിയുടെയും വ്യോമസേനയുടെയും സംഘമാണ് തിരച്ചില്‍ നടത്തുന്നത്.

മീശപ്പുലിമല ട്രക്കിങ്ങിനായി പോയവരാണു കാട്ടിനുള്ളില്‍ കുടുങ്ങിയത്. 40 പേരാണു സംഘത്തിലുണ്ടായിരുന്നത്.സ്ത്രീകളും 8 പുരുഷന്മാരും മൂന്നു കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. ചെന്നൈ ട്രെക്കിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഇവര്‍. വിദ്യാര്‍ത്ഥികളും ഐ ടി പ്രൊഫഷണലുകളും ഉള്‍പ്പെടുന്ന സംഘം ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് കൊളുക്കുമലയില്‍ എത്തിയത്. പല സംഘങ്ങളായി മലയിറങ്ങിയ സംഘം കാട്ടു തീ ഉണ്ടായതിനെ തുടര്‍ന്ന് ചിതറി ഓടുകയായിരുന്നു.

പോലീസില്‍ നിന്നോ വനം വകുപ്പില്‍ നിന്നോ അനുവാദം വാങ്ങിക്കാതെയാണ് സംഘം ട്രെക്കിംഗിന് പോയത് എന്നാണ് അറിയുന്നത്. എന്നാല്‍ ഇത്രയും വലിയ സംഘത്തിന് എങ്ങിനെ അധികൃതരുടെ കണ്ണില്‍ പെടാതെ ട്രെക്കിംഗിന് പോകാന്‍ കഴിഞ്ഞു എന്നത് ദുരൂഹമാണ്.അതേ സമയം കാട്ടു തീ ഉണ്ടായതിന് കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സംഘം അനുവാദം വാങ്ങാതെയാണ് പ്രവേശിച്ചതെന്നാണ്  കരുതുന്നത്. മൂന്നാറില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം ഇവര്‍  മലകയറുകയായിരുന്നു. തേനിയിലെ ബോഡിമേട്ട് ഇറങ്ങുകയായിരുന്നു ലക്ഷ്യം.