വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നേരത്തെ നല്‍കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീൻ നൽകുന്നതിന് കൂടുതൽ വിഭാഗങ്ങൾക്ക് പരിഗണന നൽകാൻ തീരുമാനം. വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും വാക്സീൻ നൽകാൻ പ്രത്യേക പരിഗണന നൽകാനാണ് തീരുമാനം. സംസ്ഥാനം വില കൊടുത്ത് വാങ്ങിയ വാക്സീൻ ഇവർക്ക് നൽകും.

പല വിദേശ രാജ്യങ്ങളിലും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ രജിസ്ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക.

വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഷീൽഡ് നല്‍കാനും, വാക്സീൻ സര്‍ട്ടിഫിക്കറ്റിൽ പാസ്പോര്‍ട്ട് നമ്പർ രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് പോകേണ്ടവര്‍ക്ക് വാക്സീൻ എടുക്കേണ്ട ഇടവേളയിലും ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ 12 മുതല്‍ 16 ആഴ്ചക്കുള്ളിലാണ് എടുക്കാനാവുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കും. ഈ സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കും. ഈ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസറെയാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാകാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഇങ്ങനെ പോകുന്നവര്‍ക്ക് രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ നാല് മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ എടുക്കുവാനും കഴിയും. പോര്‍ട്ടലില്‍ ഇത് രേഖപ്പെടുത്തുവാന്‍ സാധിക്കാത്തതിനാല്‍ ജില്ലകള്‍ ഇത് പ്രത്യേകമായി രേഖപ്പെടുത്തും. ഇങ്ങനെ നല്‍കുന്ന വാക്സിന്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിട്ടുള്ള വാക്സിന്‍ സ്റ്റോക്കില്‍ നിന്നും നല്‍കും.