തൃക്കാക്കര ഇന്ന് പോളിംഗ് ബൂത്തിലേക്ക്: ഉമ തോമസും ജോ ജോസഫും വോട്ടു ചെയ്തു

0

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7.45വരെ 6.20 ശതമാനമാണ് പോളിങ്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്ലൈൻ ജംഗ്ഷനിൽ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി.

കള്ളവോട്ട് തടയാൻ ശക്തമായ നടപടി സ്വീകരിച്ചെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. 196805 വോട്ടർമാരാണ് തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതാൻ പോകുന്നത്. ആകെയുള്ള 239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഒരുക്കിയിട്ടുണ്ട്. 956 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.

മഹാരാജാസ് കോളജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തിൽ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. എങ്കിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനമാകെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ വെള്ളിയാഴ്ച വരെ കാത്തിരിക്കണം.

ജൂൺ 3നു രാവിലെ 8ന് വോട്ടെണ്ണൽ തുടങ്ങും. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്. വിവാദങ്ങൾ പുറത്ത് ആളിക്കത്തിയെങ്കിലും അകമേ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളാണു മുന്നണികൾ നടത്തിയത്. മുന്നണികൾക്കു വേണ്ടി മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും വീടുകൾ കയിറിയിറങ്ങി വോട്ടുതേടി.