വർണ്ണങ്ങൾ കുടകളായി വിരിയുന്ന ആവേശ കുടമാറ്റം

  0

  കാഴ്ചയും മനസും വർണ്ണങ്ങളാൽ മുഖരിതമാക്കി പൂരനഗരിയില്‍ ആവേശക്കുടമാറ്റം. ആവേശോജ്വലമായ മേളപ്പെരുമയിൽ വടക്കുന്നാഥന്റെ തെക്കേ ഗോപുരനടയില്‍ വര്‍ണങ്ങള്‍ കുടകളായി വിരിയുന്ന അതുല്യ മുഹൂർത്തം. ഇലഞ്ഞിത്തറ മേളത്തിനു ശേഷം പാറമേക്കാവ് ഭഗവതി തെക്കേ ഗോപുരനടയിലൂടെ പുറത്തേയ്ക്കിറങ്ങുന്ന ചടങ്ങിനു ശേഷം 5.30ഓടെയാണ് കുടമാറ്റത്തിന് തുടക്കമായത്. കാഴ്ചയുടെ വിസ്മയമൊളിപ്പിച്ച മുത്തുകുടകളുമായി പാറമേക്കാവിന്റെ 15 ആനകളും തിരുവമ്പാടിയുടെ 15 ആനകളും മുഖാമുഖം അണിനിരന്നതോടെ തെക്കേ ഗോപുരനടയിലെ പൂരപ്രേമികൾ ആവേശലഹരിയിലാണ്. ഒപ്പം തന്നെ വർണ്ണ കുടകളിൽ തിരുവമ്പാടിയും പാറമേൽക്കാവും ഒളിപ്പിച്ച വിസ്മയങ്ങൾകാണാൻ ആകാംഷാഭരിതരും.

  പൂരാവേശം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ വടക്കുന്നാഥന്റെ തിരുമുറ്റത്ത് ഒരുവട്ടം കൂടി ഇലഞ്ഞിത്തറമേളം പെയ്‌തിറങ്ങി.പെരുവനം കുട്ടൻമാരാരും മുന്നൂറോളം സഹകലാകാരന്മാരും ചേർന്നൊരുക്കിയ താളവിരുന്ന് പൂരപ്രേമിക്കളെ കൂടുതൽ കൂടുതൽ ആവേശത്തിരയിലാഴ്ത്തി. ലോകത്തിലേറ്റവും വലിയ സംഗീത വാദ്യപരിപാടിയാണ് ഉച്ചയ്ക്കു ശേഷം അരങ്ങേറിയ ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗത്തിന്റേതാണ് ഇലഞ്ഞിത്തറമേളം.

  തുടര്‍ച്ചയായി 21-ാം വര്‍ഷവും ഇലഞ്ഞിത്തറയില്‍ പ്രമാണം വഹിച്ചു എന്ന റെക്കോർഡോടുകൂടിയാണ് രണ്ടര മണിക്കൂർ നീണ്ട താളപ്പെരുമ പെരുവനം കുട്ടന്‍മാര്‍ കൊട്ടി അവസാനിപ്പിച്ചത്. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നതാണ് മേളം നടക്കുന്ന ഇലഞ്ഞിത്തറ എന്നാണ് വിശ്വാസം.

  ഇലഞ്ഞിത്തറമേളത്തിന്‌ ശേഷമാണ്‌ തെക്കോട്ടിറക്കം. പാറമേക്കാവ്‌, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട്‌ മൈതാനത്തേക്ക്‌ പ്രവേശിക്കുന്ന ചടങ്ങാണിത്‌. പാറമേക്കാവിന്റെ 15 ആനകൾ തെക്കോട്ടിറങ്ങി കോർപ്പറേഷൻ ആപ്പീസിന്റെ മുമ്പിലുള്ള ശക്തൻ തമ്പുരാന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നിൾക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.

  പിന്നങ്ങോട്ട് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വര്‍ണ്ണക്കുടകള്‍ മത്സരബുദ്ധിയോടെ ആനപ്പുറങ്ങളില്‍ നിവര്‍ത്തുന്ന ആവേശകാഴ്ചയാണ്. മഴവില്ലു തെളിയും പോലെ ആനപ്പുറത്തുള്ള വർണ്ണകുടകളുടെ ആറാട്ടാണ് കുടമാറ്റം. ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു് മത്സരിക്കുന്നതാണു് ഏറ്റവും ജ്വലിപ്പിക്കുന്ന കാഴ്ച.

  ഓരോ കുട ഉയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും വീശിയ ശേഷമേ അടുത്ത കുട ഉയർത്തൂ. തിടമ്പേറ്റിയ ആനയുടെ മുത്തുക്കുട മറ്റു പതിനാലാനകളുടെ കുടകളിൽ വ്യത്യസ്തമാണെന്നതാണ് കുടമാറ്റത്തിന്റെ മറ്റൊരു സവിശേഷത. ഒരു ചെറിയ വെടിക്കെട്ടോടെ പകൽപ്പൂരം അവസാനിക്കുന്നു. അവസാനം ആകാശ പൂരത്തിനുശേഷം നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം.