തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ പരാജയം; സകലരെയും ഞെട്ടിച്ചു ആമിര്‍ ഖാന്റെ തീരുമാനം

0

വര്‍ഷങ്ങള്‍ക്ക് ശേഷം അമീര്‍ ഖാന്റെ ഒരു ചിത്രം വമ്പന്‍ പരാജയത്തിലേക്ക്. 
300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നവംബര്‍ 15 വരെ നേടിയ കലക്ഷന്‍ 218 കോടി മാത്രമാണ്.  

ചിത്രത്തിന്റെ പരാജയത്തോടെ ഈ സിനിമയുടെ പ്രതിഫലം വേണ്ടെന്നുവെയ്ക്കാനുള്ള തീരുമാനത്തിലാണ് ആമിർ ഖാൻ. ഒരു സിനിമ അതിന്റെ മുഴുവൻ ലാഭവും കണ്ടെത്തി നിര്‍മാതാവിനും ലാഭം കിട്ടുന്ന സാഹചര്യത്തിലേ പ്രതിഫലം വാങ്ങാറുള്ളൂവെന്ന് ആമിർ നേരത്തെ വ്യക്തമാക്കിയിരുന്നു. താരം തന്നെ നിർമാണപങ്കാളിത്തം ഏറ്റെടുക്കുന്ന സിനിമകൾക്കായിരുന്നു ഇത്തരത്തിൽ അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നത്. ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ എന്നീ സിനിമകളുടെ ലാഭത്തിന്റെ വിഹിതം ആമിർഖാനായിരുന്നു.

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിന്റെ നിര്‍മാതാവ് അല്ലാതിരുന്നിട്ടു കൂടി അതിന്റെ പരാജയം ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് ആമിര്‍. സിനിമയുടെ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ആമിര്‍ തന്റെ പ്രതിഫലം വേണ്ടെന്നുവെയ്ക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. 
സിനിമയുണ്ടാക്കിയ വന്‍ സാമ്പത്തിക നഷ്ടത്തില്‍ തിയറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരം ചോദിക്കാന്‍ ഒരുങ്ങിയ സാഹചര്യത്തിലാണ് ആമിറിന്റെ ധീരമായ നീക്കം. ആമിര്‍ഖാനും അമിതാഭ് ബച്ചനും കത്രീനാ കൈഫുമെല്ലാം അഭിനയിച്ച ചിത്രത്തിന് തിയറ്ററുകളില്‍ 50 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് നഷ്ടം നേരിട്ടത്.