ഇതൊരു ഐഎഎസ് പ്രണയകഥ; സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരനും വിവാഹിതരാകുന്നു

0

2015ലെ സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക്  ടിന ദാബി എന്ന  ഡല്‍ഹിക്കാരി പെണ്‍കുട്ടിക്ക് ആയിരുന്നു .രണ്ടാം റാങ്ക് കശ്മീരിലെ ഒരു സാധാരണ കുടുംബത്തിലെ അതര്‍ ആമിരിനും.എന്നാല്‍ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്ന് ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ ടിനയുടെ ഹൃദയം ആമിര്‍ കീഴടക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ .

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസി(ഐഎഎസ്)ല്‍ യുവത്വത്തിന്റെ പ്രസരിപ്പോടെ ഉയര്‍ന്ന റാങ്കോടെ ജോലിയില്‍ കയറിയ ടിനയും ആമിറും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.കഠിനധ്വാനത്തിലൂടെയാണ് ഇരുവരും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ രണ്ട് റാങ്കുകള്‍ കരസ്ഥമാക്കിയത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ട്രെയിനിങ് ഓഫീസില്‍ വെച്ചായിരുന്നു ആദ്യ കണ്ടുമുട്ടല്‍. ആ പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. ഉടന്‍ വിവാഹിതരാകാനാണ് ഇരുവരുടേയും തീരുമാനം.

ഒരുമിച്ചുള്ള ചിത്രങ്ങള്‍ രണ്ട് പേരും ഫെസ്ബുക്ക് അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.  മുസ്ലീം യുവാവിനെ വിവാഹം കഴിക്കാനുള്ള ടിനയുടെ തീരുമാനത്തിനെതിരെ ഫെയ്‌സ്ബുക്ക് ചിത്രങ്ങള്‍ക്ക് കീഴില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഇവരുടെ പ്രണയത്തിനു തടസ്സമാകുനില്ല .

മറ്റൊരു മതത്തില്‍പ്പെട്ട ആളെ പ്രണയിക്കുന്നതിനെ തെറ്റായി കാണുന്ന ഒരു ന്യൂനപക്ഷം എല്ലായ്‌പ്പോഴും ഉണ്ടാകും. വെറും അഞ്ച് ശതമാനം മാത്രമേ അവര്‍ വരൂ. ഭൂരിപക്ഷവും വ്യത്യസ്ത മതത്തില്‍പ്പെട്ടവരുടെ പ്രണയത്തെ സ്വാഗതം ചെയ്യുന്നവരാണ്. തന്റെ ഫെയ്‌സ്ബുക്ക് ടൈംലൈനിലെ കമന്റുകള്‍ തന്നെ അതിന് സാക്ഷ്യം. പിന്തുണയും അഭിനന്ദനവും അറിയിച്ചുള്ള സന്ദേശങ്ങള്‍ ഏറെ സന്തോഷം പകരുന്നതാണെന്നും ടിന ദാബി പ്രതികരിച്ചു.മുസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഫോര്‍ അഡ്മിനിസ്‌ട്രേഷനില്‍ ഐഎഎസ് ട്രെയിനിങ്ങിലാണ് ടിന ദാബി ഇപ്പോള്‍.