ടോക്കിയോ: ഒളിംപിക്സ് അത്ലറ്റിക്സില് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര. ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായി അത്ലറ്റിക്സില് ഇന്ത്യക്ക് മെഡല്‍ നേട്ടം. ടോക്യോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം. 2008 ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തില്‍ അവസാനമായി സ്വര്‍ണം നേടിയത്. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയിലൂടെയായിരുന്നു അത്.
87.58 മീറ്റർ എന്ന ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജിന്റെ മെഡൽ നേട്ടം. ജാവലിന്‍ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്കിയോയില്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും നീരജിനെ വെല്ലുന്ന ത്രോ മറ്റാരും പുറത്തെടുത്തില്ല. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം അത്ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.