നൂറ്റി മുപ്പത് കോടി ഭാരതീയരുടെ അഭിമാനമാണ് ടോക്കിയോ വിലെ ഗയിംസ് വില്ലേജിൽ കായിക മാമാങ്കത്തിൻ്റെ ആദ്യ ദിനത്തിൽത്തന്നെ മണിപ്പൂരുകാരി മീരാ ബായ് ചാനു ഉയർത്തിയത്. ഇരുപത്തി ആറ് കാരിയായ മീരാ ബായ് 202 കിലോഗ്രാം എടുത്തുയർത്തിയപ്പോൾ ഇന്ത്യൻ മാനം വാനോളം ‘ഉയരുകയായിരുന്നു.

ഒളിമ്പിക്സിൽ വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരി എന്ന ബഹുമതി കൂടി മീര ഇതിലൂടെ സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വെള്ളിക്ക് സ്വർണത്തേക്കാൾ തിളക്കമുണ്ട്. മണിപ്പൂരിൻ്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ തന്നെയാണ് മീരയ്ക്ക് ഈ നേട്ടം കൈവരിക്കാൻ ശക്തി പകർന്ന് നൽകിയത്. പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജയിക്കാനുള്ള മണിപ്പൂരികളുടെ ദൃഢനിശ്ചയത്തിൻ്റെ വ്യക്തമായ ദൃഷ്ടാന്തം തന്നെയാണ് മീരാബായ് ചാനുവിൻ്റെ അഭിമാന വെള്ളി.

പരിശീലന സ്ഥലത്തേക്കുള്ള യാത്ര പോലും ചാനുവിന് മറ്റൊരു പരിശീലനമായിരുന്നു. കുഞ്ചുറാണി ദേവിയുടെ പ്രകടനത്തിൻ്റെ ദൃശ്യങ്ങൾ വീഡിയോയിലൂടെ കണ്ടറിഞ്ഞ ചാനു അന്ന് തന്നെ മനസ്സിൽ കുറിച്ചിട്ടിരുന്ന ലക്ഷ്യമാണ് ളെിമ്പിക്സിലെ ഒരു മെഡൽ. ഇച്ഛാശക്തിക്കൊപ്പം തീവ്രമായ പരിശീലനവും ഒത്തുചേർന്നപ്പോൾ അസാദ്ധ്യമെന്ന് കരുതിയത് സാദ്ധ്യമാക്കുക തന്നെയാണ് ചെയ്തത്.

നൂറ്റി മുപ്പത് കോടി ഭാരതീയരുടെ പ്രാർത്ഥനകൾ അങ്ങ് ടോക്കിയോവിലെ ഗെയിംസ് വില്ലേജിൽ സാർത്ഥകമായി തീരുന്ന അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് ഭാരതത്തിൻ്റെ അഭിമാനമായി തീരുകയായിരുന്നു മീരാ ചാനു . ഭാരതത്തിന് ഭക്ത മീര മാത്രമല്ല ശക്ത മീര കൂടിയുണ്ടെന്ന് ലോകത്തെ അറിയിക്കുകയായിരുന്നു.