യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല

0

മേപ്പാടി: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിനി ഷഹാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്.

ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ശുചുമുറി
യില്‍ പോയി മടങ്ങുമ്പോള്‍ ആനയുടെ ചിഹ്നം വിളികേട്ട് ഓടുമ്പോള്‍ തട്ടിവീഴുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നാലെ എത്തിയ ആനയുടെ ചവിട്ടേറ്റാണ് മരണം എന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല.

ഇവർ താമസിച്ചിരുന്നത് ഹോം സ്റ്റേയോട് ചേർന്ന ടെന്റിലായിരുന്നു. ഹോം സ്റ്റേക്ക് മാത്രമായിരുന്നു ലൈസൻസ് ഉണ്ടായിരുന്നില്ല. ടെന്റുകൾക്ക് സർക്കാർ ലൈസൻസ് അനുവദിക്കാറില്ലെന്നാണ് ഇതിന് ഹോം സ്റ്റേ ഉടമ നൽകുന്ന മറുപടി. അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നില്ല. വിനോദസഞ്ചാരികൾക്ക് താമസിക്കാൻ തയ്യാറാക്കിയ ടെന്റിന് സമീപത്തെ കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ല.

ചെമ്പ്രമലയുടെ താഴ്വാരത്ത് ഉള്‍വനത്തോടു ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് അപകടം. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ എത്തിക്കാനും ബുദ്ധിമുട്ടി. 8.14-ഓടെ മേപ്പാടി സ്വകാര്യാശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഷഹാന മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയാണ്. ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങൾ: ലുഖ്മാൻ, ഹിലാൽ, ഡോ. ദിൽഷാദ് ഷഹാന.