ആവിയെഞ്ചിൻറെ ചൂളം വിളിക്ക് കാതോർത്ത് നഗരവും, സാഗരവും സംഗമിക്കുന്ന തീരങ്ങളിലേക്ക്, കായൽ കാറ്റേറ്റൊരു തീവണ്ടിയാത്രയ്ക്ക് ഒരുങ്ങുകയാണ് കൊച്ചി.
കണ്ടൽ കാടുകൾ നിറഞ്ഞ കായൽ പരപ്പിലൂടെ സഞ്ചാരിയുടെ മനസ്സിലേക്ക് യാത്രയുടെ പുത്തൻ അനുഭൂതി പകരുന്ന ഈ തീവണ്ടി യാത്രയ്ക്കായുള്ള ചർച്ചകൾ അണിയറയിൽ ചൂടുപിടിക്കുകയാണ്. പഴമയും പുതുമയും ഒരുപോലെ ഒത്തിണക്കി വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചുകൊണ്ട്, ഇന്ത്യയിലെ ഏറ്റവും നീളമേറിയ (4.62 കി.മീ ) റെയിൽവേപ്പാലമായ വല്ലാർപ്പാടം – ഇടപ്പള്ളി പാതയിൽ തീവണ്ടിയോടിക്കാൻ ഒരുങ്ങുകയാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റ്.

വല്ലാർപാടം – ഇടപ്പള്ളി പാതയുടെ മുഖ്യപങ്കും കടന്ന് പോകുന്നത് വേമ്പനാട്ട് കായലിന്റെ മുകളിലൂടെയാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ മുഖ്യ ആകർഷണവും കായൽ ദൃശ്യങ്ങളായ ചെറു ദ്വീപുകളും കണ്ടൽ കാടുകളുമാണ്. കാഴ്ചയുടെ പുത്തൻ അനുഭൂതി നുകരാൻ അറബിക്കടലിന്റെ റാണിയെ തേടി തുറമുഖത്ത് വന്നെത്തുന്ന വിദേശികളെയാണ് ഈ പദ്ധതി പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

വല്ലാർപ്പാടം – ഇടപ്പള്ളി തീവണ്ടി പാതയുടെ പ്രാഥമിക ചർച്ചകൾ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ടൂറിസം കോ ഓപ്പറേഷനും, ദക്ഷിണ റെയിൽവേയും, കൊച്ചിൻ പോർട്ട് ട്രസ്റ്റുമായി കൂടി ആലോചിച്ച് നടത്തി കഴിഞ്ഞു. ഹാർബർ ടെർമിനസ് – സൗത്ത് റെയിൽവേ സ്റ്റേഷൻ, വല്ലാർപ്പാടം – ഇടപ്പള്ളി റൂട്ടുകളാണ് ആദ്യം പരിഗണനയിൽ ഉണ്ടായിരുന്നതെങ്കിലും, വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുക വല്ലാർപ്പാടം – ഇടപ്പള്ളി പാതയായതിനാൽ പ്രാഥമിക ചർച്ചകളിൽ മുൻ‌തൂക്കം ഈ പാതയ്ക്കാണ്.

ഗാന്ധിജി ആദ്യമായി കൊച്ചിയിൽ വന്നിറങ്ങിയ ചരിത്ര പ്രാധാന്യമുള്ള ഓൾഡ് റെയിൽവേ സ്റ്റേഷനും, നവീകരിച്ച ഹാർബർ ടെർമിനസും ഉൾക്കൊള്ളുന്ന റെയിൽവേ പദ്ധതി നടപ്പാക്കിയാൽ കൊച്ചിയുടെ അമ്പത് ശതമാനം ഗതാഗത കുരുക്കിന് ആശ്വാസമുണ്ടാകുമെന്നാണ് ജനപക്ഷം.

ഉദ്ദേശം അറുപത് യാത്രക്കാർ സഞ്ചരിക്കാവുന്ന ആവി എഞ്ചിൻ ശക്തി പകരുന്ന തീവണ്ടികളായിരിക്കും പാളങ്ങളേറുക. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായൽ പരപ്പുകളാണ് ഈ യാത്രയുടെ പ്രധാന സൗന്ദര്യം.

യന്ത്രവത്കൃത ജീവിതത്തിന്റെ തിരക്കുകൾ മാറ്റി വെച്ച്‌, ദൈവത്തിൻറെ സ്വന്തം നാട്ടിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന ഏതൊരാൾക്കും കായൽ പരപ്പിലൂടൊരു തീവണ്ടിയാത്ര കാഴ്ചയുടെ ഒരു പുത്തൻ അനുഭൂതിയായിരിക്കും. അതുകൊണ്ട് നമുക്ക് കാതോർത്തിരിക്കാം… ഈ വഴിയൊരു ആവിയെഞ്ചിൻറെ ചൂളം വിളിക്കായി.