എന്ത് കൊണ്ടാണ് ട്രംപിനും കിമ്മിനും കൂടികാഴ്ച നടത്താന്‍ സിംഗപ്പൂർ വേദിയായത്

0

ലോകം ഉറ്റുനോക്കുന്ന ഡോണൾഡ് ട്രംപ്-കിം ജോങ് ഉൻ കൂടികാഴ്ചയ്ക്ക് എന്ത് കൊണ്ടാണ് സിംഗപ്പൂര്‍ വേദിയായത്. രണ്ടു രാജ്യങ്ങളുടെ നേതാക്കൾ മൂന്നാം രാജ്യത്തുവച്ച്   തമ്മിൽ കാണുന്നത് അത്ര അസാധാരണമല്ല എന്നാല്‍ സിംഗപ്പൂരിൽ ചൊവ്വാഴ്ച (ജൂൺ 12) നടക്കുന്ന ഡോണൾഡ് ട്രംപ്-കിം ജോങ് ഉൻ ഉച്ചകോടി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

ലോകത്തിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ വരെ ഈ കൂടികാഴ്ച കൊണ്ട് സാധിക്കുമെന്ന് വിശ്വസിക്കുന്നവര്‍ പോലുമുണ്ട്. പരസ്പരമുള്ള തർക്കത്തിനു പരിഹാരം കണ്ടെത്താൻ രണ്ടു രാഷ്ട്രനേതാക്കൾ മറ്റൊരു രാജ്യത്തേക്കു പറക്കുന്നത് അസാധാരണവും അപൂർവവുമാണ്. പക്ഷേ, എന്തുകൊണ്ടാണ് ഇവര്‍ സിംഗപൂര്‍ തിരഞ്ഞെടുത്തത്.

പാൻമുൻജോം, സ്വിറ്റ്സർലൻഡ്, സ്വീഡൻ, മംഗോളിയ എന്നീ പേരുകളാണ് ആദ്യംതന്നെ കൂടികാഴ്ചയ്ക്ക് മുന്നോട്ട് വെച്ച പേരുകള്‍. ഉത്തര കൊറിയയുടെ അതിർത്തിക്കു തൊട്ടടുത്തായതിനാൽ കിമ്മിനു വളരെയെളുപ്പത്തിൽ പാൻമുൻജോനിലെത്താം. സഖ്യരാജ്യമായ ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോൾവഴി ട്രംപിനും എത്താൻ പ്രയാസമില്ല. സോളിൽനിന്നുളള ദൂരം വെറും 50 കിലോമീറ്റർ. പക്ഷേ, കിം-ട്രംപ് ഉച്ചകോടിക്കുവേണ്ടി പാൻമുൻജോം തിരഞ്ഞെടുക്കപ്പെട്ടില്ല.

പിന്നെ മുന്നോട്ട് വെച്ച പലപേരുകളില്‍ നിന്നും ഒടുവില്‍ ലിസ്റ്റില്‍ മംഗോളിയയും സിംഗപ്പൂറും മാത്രം ബാക്കിയായി. പക്ഷേ, ട്രംപ്-കിം ഉച്ചകോടി സുഗമമായി നടത്താൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിനു മംഗോളിയയ്ക്കു കഴിയുമോയെന്ന സംശയം ഉയർന്നു.  വിശേഷിച്ചും നേതാക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ . അങ്ങനെയാണ് സിംഗപൂര്‍ എന്ന തീരുമാനത്തില്‍ എത്തുന്നത്.

ഉച്ചകോടി നടക്കുന്നതു സിംഗപ്പൂരിലായിരിക്കുമെന്നു ട്രംപ് അറിയിച്ചത് മേയ് പത്തിനാണ്.  അമേരിക്കയോടെന്ന പോലെ ഉത്തര കൊറിയയുമായും നല്ല ബന്ധത്തിലാണ്  സിംഗപ്പൂർ. ഉത്തര കൊറിയക്കാർക്കു സിംഗപ്പൂരിലെത്താൻ 2016 വരെ വീസ ആവശ്യമായിരുന്നില്ല. ആണവ-മിസൈൽ പ്രശ്നത്തിൽ യുഎൻ രക്ഷാസമിതി ഏർപ്പെടുത്തിയ ഉപരോധത്തെതുടർന്നാണ് അതിൽ മാറ്റമുണ്ടായത്.

ഏഷ്യയിലെ സ്വിറ്റ്സർലൻഡ് എന്നു വിശേഷിപ്പിക്കപ്പെടുന്ന സിംഗപ്പൂരിന് ഏഷ്യൻ നേതാക്കളുടെ  ഒട്ടേറെ ഉച്ചകോടികൾക്കു വേദിയായ ചരിത്രവുമുണ്ട്. അത്തരം സംഗമങ്ങൾക്കാവശ്യമായ സൗകര്യങ്ങളും സുരക്ഷാ സംവിധാനവും ലഭ്യമാണെന്നതുതന്നെ ഇതിനു കാരണം. ടൂറിസ്റ്റുകളുടെ പറുദീസയായ സിംഗപ്പൂരിൽ പഞ്ച നക്ഷത്ര ഹോട്ടലുകളും റിസോർട്ടുകളും സുലഭം. അമേരിക്കയിലെയും ഉത്തര കൊറിയയിലെയും ഉദ്യോഗസ്ഥർ അവയിൽ പലതും പരിശോധിച്ചശേഷം തിരഞ്ഞെടുത്തതു സെന്റോസ എന്ന കൊച്ചുദ്വീപിലെ കാപ്പെല്ല ഹോട്ടലാണ്. ആർക്കും യഥേഷ്ടം എത്തിച്ചേരാൻ പറ്റാത്ത ദ്വീപായതിനാൽ നേതാക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.