തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം, ചെങ്കൊടി പുതച്ച് അന്ത്യയാത്രയ്‌ക്കൊരുങ്ങിയ ഗൗരിയമ്മ. ബേബി സഖാവും വിജയരാഘവന്‍ സഖാവുമാണ് കേരളരാഷ്ട്രീയത്തിലെ ഉരുക്കുവനിതയ്ക്ക് ചെങ്കൊടി പുതപ്പിച്ചത്. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് മൃതദേഹം സംസ്‌കരിക്കാനായി അരൂരിലേക്ക് കൊണ്ടു പോയത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ രമേശ് ചെന്നിത്തല തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടക്കം ഒട്ടേറെ പ്രമുഖരും ഗൗരിയമ്മയ്ക്ക് അന്ത്യാഭിവാദ്യം നല്‍കി. അയ്യങ്കാളി ഹാള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥ ഉണ്ടായെങ്കിലും ഇരിപ്പിടങ്ങള്‍ അടക്കം ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. പോലീസ് പാസ്സുള്ളവര്‍ക്ക് മാത്രമാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുവദമുണ്ടായിരുന്നത്.

കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയത്. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കെആര്‍ ഗൗരിയമ്മ. ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയാണ് അന്തരിച്ചത്.