ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി

0

വാഷിങ്ടൻ ∙ ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയില്‍ കോവിഡ് 19 പടര്‍ന്നുപിടിച്ചപ്പോള്‍ ഇതിന്റെ ഗുരുതരാവസ്ഥ മറച്ചുപിടിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൊണാള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നല്‍കില്ലെന്ന് പ്രഖ്യപിച്ചത്.

കൊറോണ വൈറസിന്റെ വ്യാപനം കാര്യക്ഷമമായി കൈകാര്യം ചെയ്തതിലും രോഗത്തിന്റെ തീവ്രത മറച്ചുവച്ചതിലും ലോകാരോഗ്യ സംഘടനയുടെ പങ്ക് അമേരിക്ക വിലയിരുത്തും. ഡബ്ല്യുഎച്ച്ഒയ്ക്ക് നൽകിക്കൊണ്ടിരുന്ന പണം ഇനി എന്തിനുവേണ്ടി വിനിയോഗിക്കണമെന്നു പിന്നീട് തീരുമാനിക്കും. സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്കയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്ക നല്‍കിയത് 400 ദശലക്ഷം ഡോളറാണ്.

എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ നടപടിക്കെതിരെ യുഎൻ രംഗത്തുവന്നു. വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ഒരു സംഘടനയുടേയും വരുമാന മാർഗങ്ങൾ തടയാനുള്ള സമയമല്ലെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കോവിഡിനെതിരായ യുദ്ധത്തിൽ വിജയിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങൾ നിർണായകമായതിനാൽ ലോകാരോഗ്യ സംഘടനയെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നാണ് തന്റെ വിശ്വാസമെന്നും ഗുട്ടെറസ് പറഞ്ഞു.