തോക്കേന്തിയ സംഘം പിന്നില്‍; താലിബാനെ ‘പുകഴ്ത്തി’ വാര്‍ത്താവതാരകന്‍

1

കാബൂള്‍: സ്റ്റുഡിയോയിയില്‍ ആയുധമേന്തി നില്‍ക്കുന്ന താലിബാന്‍ സംഘത്തിന് മുന്നിലിരുന്ന് വാര്‍ത്ത വായിക്കുന്ന വാര്‍ത്താവതാരകന്‍. അഫ്ഗാനിസ്താനിലെ ഒരു വാര്‍ത്താ ചാനലില്‍നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഭയക്കേണ്ടതില്ലെന്ന് ഭയചകിതമായ മുഖത്തോടെ വാര്‍ത്താവതാരകന്‍ പറയുന്നതും വീഡിയോയിയില്‍ കാണാം. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാദാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

തോക്കേന്തിയ താലിബാന്‍ സംഘം പിന്നില്‍നില്‍ക്കുകയും അഫ്ഗാനിലെ ജനങ്ങള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് വാര്‍ത്താവായനക്കാരനെ കൊണ്ട് പറയിപ്പിക്കുകയുമാണെന്ന് മാസിഹ് ട്വീറ്റില്‍ പറയുന്നു. ദശലക്ഷക്കണക്കിനാളുകളുടെ മനസ്സില്‍ താലിബാന്‍ ഭയത്തിന്റെ മറ്റൊരു പേരാണെന്നും ഇത് അതിന്റെ മറ്റൊരു തെളിവാണെണെന്നും മാസിഹ് ട്വീറ്റില്‍ പറയുന്നു.

ഓഗസ്റ്റ് 15-നാണ് താലിബാന്‍ അഫ്ഗാനിസ്താന്റെ അധികാരം പിടിച്ചെടുക്കുന്നത്. അതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. രാജ്യത്ത് സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അനുവദിക്കുമെന്ന താലിബാന്റെ പ്രഖ്യാപനത്തിനു ശേഷമായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നത്. കഴിഞ്ഞ ദിവസം ടോളോ ന്യൂസിന്റെ അഫ്ഗാന്‍ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും കാബൂളില്‍വെച്ച് മര്‍ദനേമറ്റിരുന്നു. റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു മര്‍ദനം.

കാബൂളിലും ജലാദാബാദിലും താലിബാന്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെയും അവരുടെ ബന്ധുക്കളുടെയും വീടുകളില്‍ താലിബാന്‍ പരിശോധന നടത്തിയിരുന്നു. ജര്‍മന്‍ മാധ്യമ സ്ഥാപനമായ ഡി.ഡബ്ല്യൂവിന്റെ റിപ്പോര്‍ട്ടറുടെ കുടുംബാംഗങ്ങളില്‍ ഒരാളെ താലിബാന്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.