റിസോർട്ടിൽ കഞ്ചാവുചെടികൾ വളർത്തിയ കേസിൽ 2 വിദേശികൾക്ക് 4 വർഷം കഠിനതടവ്

0

തൊടുപുഴ ∙ റിസോർട്ടിലെ ചെടിച്ചട്ടിയിൽ കഞ്ചാവുചെടികൾ വളർത്തിയ വിദേശികൾക്കു 4 വർഷം കഠിനതടവ്. ഈജിപ്ഷ്യൻ പൗരനായ മുഹമ്മദ് ആദേൽ മുഹമ്മദിനും (51) ജർമൻകാരി ഉൾറിക് റിച്ചറിനുമാണു (39) 4 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. ഇവർ നടത്തിയിരുന്ന റിസോർട്ടിലാണ് കഞ്ചാവ് ചെടികൾ വളർത്തിയത്.

2016 ഡിസംബർ 30 നായിരുന്നു കേസിനാസ്പദമായ സംഭവം. കുമളി – തേക്കടി ബൈപാസ് റോഡിൽ ജംഗിൾ ഡ്രീം ടൂർസ് ക്രിസീസ് റിസോർട്ടിൽ അവരുടെ താമസസ്ഥലത്തെ വരാന്തയിലാണു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇരുവരുടെയും മുറി പരിശോധിച്ച എക്സൈസ് 90 ഗ്രാം വീതം കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടിയിരുന്നു.