സന്ദര്‍ശക വിസയിലെത്തിയ രണ്ട് യുവതികളെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റ് ചെയ്‍തു

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് രണ്ട് യുവതികളെ അറസ്റ്റ് ചെയ്‍തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള പബ്ലിക് മോറല്‍ ആന്റ് ആന്റി ട്രാഫികിങ് വിഭാഗമാണ് പരിശോധന നടത്തിയത്. വേശ്യാവൃത്തിക്കായി ആളുകളെ എത്തിച്ച് പണം വാങ്ങുന്ന അന്താരാഷ്‍ട്ര സംഘത്തിന്റെ ഭാഗമാണ് ഇരുവരുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. ഇരുവരും സന്ദര്‍ശക വിസയിലാണ് കുവൈത്തില്‍ പ്രവേശിച്ചത്. ഇവര്‍ ഏത് രാജ്യത്തു നിന്നാണ് വന്നതെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അതേസമയം കുവൈത്തില്‍ പ്രാദേശികമായി നിര്‍മിച്ച മദ്യവുമായി മൂന്ന് പ്രവാസികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം നടത്തിയ പരശോധനകളിലാണ് രണ്ട് സ്ഥലങ്ങളില്‍ നിന്ന് ഇവരെ പിടികൂടിയത്. ഫിന്റാസില്‍ നിന്നാണ് രണ്ട് പേര്‍ അറസ്റ്റിലായത്. ഇവരുടെ കൈവശം 98 കുപ്പി മദ്യമുണ്ടായിരുന്നു. സാല്‍മിയയില്‍ പിടിയിലായ ഒരാളുടെ പക്കല്‍ നിന്ന് നിരവധി ലിറ്റര്‍ മദ്യം പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.