സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

0

റിയാദ്: റിയാദിൽനിന്ന് 431 കിലോമീറ്ററകലെ ഖസീം പ്രവിശ്യയിൽ ബുറൈദക്ക് സമീപം അൽറസിൽ ഇന്ന് പുലർച്ചെയുണ്ടായ വഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം മക്കരപറമ്പ് കാച്ചിനിക്കോട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവരാണ് മരിച്ചത്.

അല്‍റസ് പട്ടണത്തിൽനിന്ന് 30 കിലോമീറ്ററകലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നോടെയാണ് ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ അപകടത്തില്‍ പെട്ടത്. രണ്ട് സ്ത്രീകള്‍ പരിക്കുകളോടെ അല്‍റസ് ആശുപത്രിയിലാണുള്ളത്. മൂന്ന് കുട്ടികള്‍ക്കും സാരമായ പരിക്കുകളുണ്ട്. റിയാദിന് സമീപം ഹുറൈംലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം വ്യാഴാഴ്ച രാത്രി മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ടതായിരുന്നു. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുള്‍പ്പടെ 12 പേര്‍ വാനില്‍ ഉണ്ടായിരുന്നതായാണ് വിവരം.

ഇഖ്ബാലിന്റെ ഭാര്യ സഹോദരനാണ് മരിച്ച ഹുസ്സൈന്‍. ഹുറൈംലയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാല്‍. അപകടത്തിൽ പരിക്ക് പറ്റിയ മറ്റുളളവർക്ക് പ്രാഥമിക ചികിത്സ നല്‍കി. അല്‍റസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെ.എം.സി.സി പ്രസിഡന്റ് ജംഷീര്‍ മങ്കട, റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.