പേരാമ്പ്രയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന് പിന്നില്‍ കാറിടിച്ച് അമ്മയും മകളും മരിച്ചു

0

പേരാമ്പ്ര (കോഴിക്കോട്): പേരാമ്പ്ര വാല്യക്കോട് നടന്ന വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ (51) മകള്‍ അഞ്ജലി (24) എന്നിവരാണ് മരിച്ചത്. നിര്‍ത്തിയിട്ട പിക്കപ്പിന് പിന്നില്‍ കാര്‍ ഇടിച്ചാണ് അപകടം. പേരാമ്പ്ര സ്വദേശിയായ അധ്യാപകനും കുടുംബവും സഞ്ചരിച്ച കാര്‍ കോഴിയെ കൊണ്ടുപോകുന്ന പിക്കപ്പിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും പിക്കപ്പിനുള്ളിലേക്ക് ഇടിച്ചു കയറി. പേരാമ്പ്രയില്‍ നിന്ന് മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാറില്‍ സഞ്ചരിച്ച കുടുംബം. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ വാല്യക്കോട് അഗ്രികര്‍ച്ചറല്‍ സൊസൈറ്റിക്ക് സമീപമാണ് അപകടം നടന്നത്.

പരിക്കേറ്റവരെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.