തിരുവോണദിനത്തിൽ തൃശൂരിൽ രണ്ടിടത്ത് കൊലപാതകം

0

തിരുവോണ ദിവസം നാടിനെ നടുക്കി തൃശൂരിൽ രണ്ടിടത്ത് കൊലപാതകം. തൃശൂർ കീഴുത്താണിയിലും ചെന്ത്രാപ്പിന്നിയിലുമാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്.

തൃശൂർ കീഴുത്താണിയിൽ വാടക തർക്കത്തെ തുടർന്ന് മർദനമേറ്റ യുവാവ് മരിച്ചു. കീഴുത്താണി മനപ്പടി സ്വദേശി സൂരജാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സൂരജിനുനേരെ ആക്രമണമുണ്ടാകുന്നത്.

ചെന്ത്രാപ്പിന്നിയിൽ വെട്ടേറ്റ് മരിച്ചത് കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷാണ്. 52 വയസായിരുന്നു. സംഭവത്തിൽ ബന്ധുവായ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്തും നിന്നും ഇന്ന് കൊലപാതകം റിപ്പോർട്ട് ചെയ്തിരുന്നു. തിരുവല്ലം നിരപ്പിൽ സ്വദേശി രാജി (40) ആണ് മരിച്ചത്. അയൽവാസിയായ ഗിരീഷനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്രാടദിനമായ ഇന്നലെ രാത്രിയോടെയാണ് സംഭവം. കുടുംബ വഴക്കിനെത്തുടർന്ന് അയൽവാസിയായ ഗിരീഷ് രാജിയെന്ന 40കാരിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ച് ഗിരീഷ് കൊലപ്പെടുത്തി എന്നാണ് പ്രാധമിക നിഗമനം. ഇരുവരും തമ്മിൽ മുൻപും തർക്കവും വഴക്കും പതിവായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.