സ്‌കൂട്ടർ ബസ്സിനടിയിലേക്ക് തെറിച്ചുവീണ് രണ്ടു വിദ്യാർഥികൾ മരിച്ചു

0

കോഡൂർ: സ്‌കൂട്ടർ ബസ്സിനടിയിലേക്ക് തെറിച്ചുവീണ് രണ്ടു വിദ്യാർഥികൾ മരിച്ചു. വരിക്കോട് അങ്ങാടിയിൽ ഹോളോബ്രിക്‌സ് നിർമാണ കമ്പനിക്ക് സമീപമുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ രണ്ട് വിദ്യാർഥികൾ ബസ്സിനടിയിൽപ്പെട്ട്‌ മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

മുന്നിലുള്ള കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ ഹാൻഡിൽ കാറിൽ തട്ടി എതിർദിശയിൽ വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ അടിയിലേക്ക് തെറിക്കുകയായിരുന്നു. പട്ടർക്കടവ് കിയാൽപടിയിലെ പരി സിദ്ദീഖിന്റെ മകൻ അംജദ് (15), പാലക്കാട് ജില്ലയിലെ നെന്മാറ ഒലിപ്പാറ സലീമിന്റെ മകൻ റിനു സലീം (16) എന്നിവരാണ് മരിച്ചത്.

അംജദ് മലപ്പുറം മേൽമുറി എം.എം.ഇ.ടി. ഹയർസെക്കൻഡറി സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ്. താഹിറയാണ് മാതാവ്. സഹോദരൻ അജ്മൽ. റിനുവിന്റെ മാതാവ് ഫസീല. സഹോദരൻ: റഫിൻ. പിതാവ് സലീം കെ.എസ്.ആർ.ടി.സി. ജീവനക്കാരനാണ്. മെഡിക്കൽകോളേജിലുള്ള മൃതദേഹങ്ങൾ പരിശോധനകൾക്കുശേഷം അതത് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനുകളിൽ ഖബറടക്കും.