കാസർകോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; ഇന്ന് ഹര്‍ത്താല്‍

0

കാഞ്ഞങ്ങാട്: കാസര്‍കോട്‌ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഹർത്താൽ സമാധാനപരമായിരിക്കണമെന്നും അണികൾ അക്രമത്തിനു മുതിരരുതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അറിയിച്ചു. പ്രദേശത്തെ പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ബൈക്കില്‍ സഞ്ചരിക്കവേ ജീപ്പിലെത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു, കൃപേഷ് ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരിച്ചു.

ശരത് ലാലിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ ‍ പോസ്റ്റ് മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.നേരത്തെ കല്ല്യാട്ട് വെച്ച് നടന്ന സി.പി.എം – കോൺഗ്രസ് സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം ഉണ്ടായതെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഇന്ന് തുടങ്ങാനിരുന്ന എസ്എസ്എസ്എൽസി, ഒന്നാം വർഷ ഹയർ സെക്കന്ററി മാതൃകാ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കേരള സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് കൊല്ലപ്പെട്ട സംഭവത്തില്‍ കെഎസ്യു ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആരംഭിച്ചു