പ്രവാസികള്‍ ഈ ‘ബാങ്കിനെ’ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഡി.എഫ്.എസ്.എ

0

ദുബായ്: ബാങ്കിന്‍റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുക്കൾക്കെതിരെ മുന്നറിയിപ്പുമായിദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോരിറ്റി (ഡി.എഫ്.എസ്.എ) അധികൃതര്‍. സ്കിയോ മൈക്രോ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (Skyo Microfinance Bank Limited) എന്ന വ്യാജ ബാങ്കിന്റെ പേരില്‍ തട്ടിപ്പുകള്‍ക്കുള്ള ശ്രമം നടക്കുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

ലോണുകള്‍ക്കും ഇന്‍ഷുറന്‍സിനുമുള്ള ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ആളുകളില്‍ നിന്ന് ഇവര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായാണ് മുന്നറിയിപ്പ്.ഇടപാടുകാരെ വിശ്വസിപ്പിക്കാനായി ഡി.എഫ്.എസ്.എയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റും ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോരിറ്റി ഇത്തരത്തില്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറില്ലെന്നും തങ്ങളുടേതെന്ന പേരില്‍ ഒപ്പും സീലും ഉള്‍പ്പെടെ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു.

ഈ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ വഴിയോ ഓണ്‍ലൈനായോ പണം നല്‍കരുതെന്നും ഡി.എഫ്.എസ്.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഓഫറുകളോടോ അന്വേഷണങ്ങളോടോ പ്രതികരിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.