മാജിക് പേനകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് ;മുന്നറിയിപ്പുമായി യുഎഇ ബാങ്കുകള്‍

0

മാജിക് പെന്‍ എന്നറിയപ്പെടുന്ന പ്രത്യേകതരം പേനകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി  യുഎഇ ബാങ്കുകള്‍. വ്യാജ ചെക്കുമായി ബന്ധപ്പെട്ട പരാതികള്‍ പെരുകുന്ന പശ്ചാത്തലത്തിലാണ് പ്രത്യേകതരം പേനയെക്കുറിച്ചു പ്രമുഖ ബാങ്കുകള്‍ മുന്നറിയിപ്പു നല്‍കിയത്.

വ്യാജ ചെക്കുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു വര്‍ധിക്കുകയാണെന്ന് എഫ്ജിബി ഉപഭോക്താക്കള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച മുന്നറിയിപ്പുകളും ജാഗ്രതപാലിക്കേണ്ട കാര്യങ്ങളും ബാങ്ക് വ്യക്തമാക്കുന്നുണ്ട്.ഉപഭോക്താവിനു പ്രത്യേകതരം പേന നല്‍കിയതിനുശേഷം അതുവച്ചു വിവരങ്ങള്‍ ചെക്കില്‍ എഴുതാന്‍ ആവശ്യപ്പെട്ടാണു തട്ടിപ്പു നടത്തുന്നത്. മാജിക് പെന്‍ എന്നറിയപ്പെടുന്ന ഇത്തരം പേനകള്‍കൊണ്ട് എഴുതുന്നതു മാഞ്ഞുപോകുന്നതോ മായിച്ചുകളയാവുന്നതോ ആണ്. ആദ്യം എഴുതിയ തുക തിരുത്തിയ ശേഷം തനിക്കാവശ്യമായ തുകയും പേരും എഴുതിച്ചേര്‍ത്താണ് ഉപഭോക്താക്കളുടെ പണം തട്ടിപ്പുകാര്‍ കൈക്കലാക്കുന്നത്.ബാങ്കിന്റെ പേരില്‍ വ്യാജ ഇ-മെയില്‍ അയച്ച് ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പുനടതുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ബാങ്ക് അയച്ചതാണെന്നു കരുതി ഉപഭോക്താവ് സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍വരെ കൈമാറി വഞ്ചിതരാകാറുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്നു ബാങ്കുകള്‍ അറിയിച്ചു.ചെക്കുകള്‍ നല്‍കുമ്പോള്‍ സ്വന്തം പേന ഉപയോഗിച്ചുതന്നെ പൂരിപ്പിക്കണമെന്നും മറ്റുള്ളവര്‍ നല്‍കുന്ന പേന ഉപയോഗിക്കാതിരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. സ്വന്തം വിവരങ്ങള്‍ നല്‍കുന്നതിനു മുന്‍പു ബാങ്ക് പ്രതിനിധിയുടെ ഫോട്ടോ ഐഡന്റിറ്റിയും മറ്റു വിവരങ്ങളും പരിശോധിക്കണമെന്നും പൂരിപ്പിക്കാത്ത ചെക്ക് നല്‍കാതിരിക്കണമെന്നും ചെക്ക് ബുക്ക് സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. പരമാവധി ഇലക്ട്രോണിക് ബാങ്കിങ് ഉപയോഗപെടുത്തണം എന്നും നിര്‍ദേശമുണ്ട് . കൂടാതെ ബാങ്കില്‍നിന്നുള്ള അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും എസ്എംഎസും ഇ-മെയിലും പതിവായി പരിശോധിക്കുക, പരിചയമില്ലാത്തവര്‍ക്കു ചെക്ക് നല്‍കാതിരിക്കുക, ചെക്കില്‍ എഴുതാനായി ആരു പേന നല്‍കിയാലും മാജിക് പേനയാണോ എന്നു പരിശോധിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ മാജിക്‌  പേനകള്‍ക്ക് യുഎഇയില്‍ നിരോധനം ഏര്‍പെടുത്തിയിടുള്ളതാണ്.