യുഎഇയിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

1

യുഎഇയിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കുമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

2018ലെ നേട്ടങ്ങള്‍ അവലോകനം ചെയ്യാനും പുതിയ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വദേശിവൽക്കരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. യുഎഇയിലെ തൊഴില്‍മേഖലയിലെ സ്വദേശിവത്കരണം കഴിഞ്ഞ വർഷം 200 ശതമാനം വര്‍ധിപ്പിക്കാനായെന്നും ഈ വർഷം‍ ഇരട്ടിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

സ്വദേശിവൽക്കരണം ഊർജിതമാക്കാൻ 1999 നവംബറിലാണ് ദ് നാഷണൽ ഹൂമൻ റിസോഴ്സ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് അതോറിറ്റി(തന്മിയ) രൂപീകരിച്ചത്. സ്വകാര്യ മേഖലകളിൽ സ്വദേശികൾ ജോലിക്കു പോകുന്നതിന് തയാറാകാതിരുന്ന സാഹചര്യത്തിലുമായിരുന്നു ഇതിന്റെ രൂപീകരണം.

കൂടുതൽ ജോലി സമയം, കുറഞ്ഞ കൂലി,പരിശീലനത്തിനുള്ള സംവിധാനങ്ങളുടെ കുറവ്, തൊഴിൽ സ്ഥലത്തെ ഒറ്റപ്പെടൽ എന്നീ കാരണങ്ങളാണ് സ്വദേശികളുടെ തൊഴിൽ വിമുഖതയ്ക്കു കാരണമെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മികച്ച തൊഴിൽ പരിശീലന സ്ഥാനപനങ്ങളുമായി കരാറുണ്ടാക്കി പരിശീലനം നൽകിയിരുന്നു.

ഇതിനു പുറമെ മഹാറത്ത് എന്ന സംരംഭവും തുടങ്ങി. ആളുകളെ കണ്ടെത്തി പരിശീലന കേന്ദ്രങ്ങളിൽ അയയ്ക്കുന്ന രീതിയായിരുന്നു ഇത്. തൊഴിൽ അന്വേഷകനോ, തൊഴിൽദാതാവിനോ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയായിരുന്നു ഇതിന് അവലംബിച്ചിരുന്നത്.രാജ്യാന്തര തൊഴിൽ സംഘടനയുമായും (ഐഎൽഒ) കരാർ ഒപ്പിട്ടിരുന്നു. മുഖ്യമായും സ്വദേശി വനിതകളെ ഉദ്ദേശിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾ സാമ്പത്തിക സഹായവും തൊഴിൽപരിശീലനം ഉൾപ്പടെയുള്ളവയും നൽകുന്നതിനായിരുന്നു ഇത്.