വിസ നടപടികളിൽ പുതിയ ഉത്തരവുമായി യു.എ.ഇ; പ്രവേശനാനുമതി താമസ വീസയുള്ളവർ‌ക്ക് മാത്രം

0

ദുബായ്: കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 വരെ സന്ദര്‍ശക വിസ ലഭ്യമായവര്‍ക്കെല്ലാം അത് അസാധുവാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. താമസ വീസയുള്ളവർ‌ക്ക് മാത്രമാണ് യുഎഇയിലേയ്ക്കു പ്രവേശനാനുമതി. യുഎഇയിൽ ജോലിയുള്ള, അവധിക്കു നാട്ടിലേക്കു പോയ പ്രവാസികൾക്കു പ്രവേശിക്കുന്നതിനു വിലക്കുണ്ടാകില്ല.

ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നയതന്ത്രവിസ ഒഴികെയുള്ള വിസകള്‍ നല്‍കില്ല. സന്ദര്‍ശക, ബിസിനസ്, വിനോദസഞ്ചാര, തൊഴില്‍ വിസകള്‍ക്കും വിലക്ക് ബാധകമാണ് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് വിസ നടപടികള്‍ യു.എ.ഇ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്. സന്ദര്‍ശക വിസയിലുള്ളവരെ യു.എ.ഇയിലേക്ക് എത്തിക്കരുതെന്ന് എയര്‍ലൈനുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതുവരെ നല്‍കിയ എല്ലാ സന്ദര്‍ശക വിസകളും ഇതിനകം നിര്‍ത്തിവെച്ചു.

ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉള്ളവരെയും ഓണ്‍അറൈവല്‍ വിസക്ക് യോഗ്യതയുള്ളവരെയും നടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആറ് മാസത്തിന് മുകളില്‍ യു.എ.ഇക്ക് പുറത്ത് തങ്ങിയവരെയും, യു.എ.ഇ വിസയുള്ള പാസ്പോര്‍ട്ട് നഷ്ടപ്പെടുത്തിയ യാത്രക്കാരെയും വിമാനക്കമ്പനികള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ല. ചികിത്സ പോലുള്ള കാര്യങ്ങള്‍ക്ക് അടിയന്തര വീസകൾ അനുവദിക്കുമെന്നും അറിയിച്ചു.