8000ത്തോളം വർഷങ്ങൾക്ക് മുൻപുള്ള പുരാതനമായ ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ യുഎഇയില്‍

1

8000ത്തോളം വർഷങ്ങൾക്ക് മുൻപുള്ള യുഎഇയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുമായി ഗവേഷകര്‍. യു.എ.ഇയിലെ ഏറ്റവും പുരാതനമായ ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് കരുതുന്നവയാണ് അബുദബിയിലെ മറാവ ദ്വീപില്‍ കണ്ടെത്തിയിരിക്കുന്നത്.

8000ത്തോളം വര്‍ഷം പഴക്കമുള്ള നവീന ശിലായുഗത്തിലേതെന്നു കരുതുന്ന ഗ്രാമമാണ് ഇതെന്നാണ് കണ്ടെത്തല്‍. ഇവിടെ നിന്ന് കണ്ടെടുത്ത കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കാര്‍ബണ്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ നവീനശിലായുഗ കാലത്തോളം പഴക്കമുള്ളതാണെന്ന് വ്യക്തമായത്. നിരവധി മുറികളോടു കൂടിയ വിശാലമായ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. കെട്ടിടത്തിന് പുറത്ത് മൃഗങ്ങളെ സംരക്ഷിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള പ്രത്യേക സംവിധാനങ്ങളുമുണ്ടായിരുന്നു.

മറാവ ദ്വീപില്‍ കണ്ടെത്തിയ ഈ പുരാതന ഗ്രാമത്തെ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ പുനസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് പുരാവസ്തുഗവേഷകരിപ്പോള്‍.പുരാതന നഗരത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണെന്ന് ടൂറിസം വിഭാഗം ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക് പറഞ്ഞു. യു.എ.ഇയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തലുകള്‍.