മൂന്ന് മിനുട്ടില്‍ യൂബര്‍ പിരിച്ചുവിട്ടത് 3500 ജീവനക്കാരെ

0

ലണ്ടന്‍: ഓൺലൈൻ ടാക്സി സേവന രംഗത്തെ പ്രമുഖ കമ്പനിയായ യൂബര്‍ മൂവായിരത്തിയെഴുന്നൂറ് ജീവനക്കാരെ പിരിച്ചുവിട്ടു. മൂന്നു മിനിട്ടു മാത്രം നീണ്ടു നിന്ന വീഡിയോ കോൺഫറൻസിങിലൂടെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട കാര്യം കമ്പനി ജീവനക്കാരെ അറിയിച്ചത്. കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കടുത്ത നടപടിക്ക് കാരണമെന്ന് കമ്പനി വ്യക്തമാക്കി.

ഡെയ്‌ലി മെയിലിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ദിവസമാണ് വീഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ജോലിക്കാരോട് യൂബര്‍ ആവശ്യപ്പെട്ടത്. യൂബര്‍ കസ്റ്റമര്‍ സര്‍വീസ് മേധാവി റൂഫീന്‍ ഷെവലെയാണ് ഈ വീഡിയോ കോണ്‍ഫ്രന്‍സ് ഹോസ്റ്റ് ചെയ്തത്.കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിലെ 3,500 തൊഴിലാളികളെ പിരിച്ചുവിടുകയാണ്, ഇത് നിങ്ങളുടെ യൂബറിലെ അവസാന ജോലി ദിവസമാണ് എന്നതായിരുന്നു വെറും മൂന്ന് മിനുട്ട് നീണ്ടുനിന്ന യൂബര്‍ കസ്റ്റമര്‍ സര്‍വീസ് മേധാവി റൂഫീന്‍ ഷെവലെയുടെ സൂം വീഡിയോ കോണ്‍ഫ്രന്‍സിന്‍റെ ചുരുക്കം.

തങ്ങളുടെ ബിസിനസ് പകുതിയായി കുറഞ്ഞതോടെയാണ് ഇത്തരം ഒരു തീരുമാനം എടുക്കുന്നത് എന്നാണ് യൂബര്‍ പറയുന്നത്. 2.9 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ നഷ്ടം യൂബറിന് 2020ലെ ആദ്യപാദത്തില്‍ സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പില്ലാതെയുള്ള പിരിച്ചുവിടൽ രീതിക്കെതിരെ കടുത്ത പ്രതിഷേധമാണ് യൂബറിനെതിരെ തൊഴിലാളികളുടെ ഭാഗത്തിനിന്നും വന്നുകൊണ്ടിരിക്കുന്നത്.