ഒരു മണിക്കൂര്‍ വിമാനയാത്രയ്ക്ക് വെറും 2500 രൂപ മാത്രം; ‘ഉഡാന്‍’ പദ്ധതി ജനുവരിയില്‍

0

2500 രൂപ നല്‍കിയാല്‍ ഒരു മണിക്കൂര്‍ വിമാനത്തില്‍ യാത്രചെയ്യാന്‍ സാധിക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു. ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) എന്ന പേരിലാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്.ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ബജറ്റിലൊതുക്കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും യാത്രക്കാര്‍ക്ക് ചെലവ് വഹിക്കാന്‍ കഴിയുന്ന തരത്തില്‍ വിമാന ടിക്കറ്റ് നിരക്ക് കുറച്ചുമാണ് ഉഡാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി പ്രകാരം ഒരു മണിക്കൂറില്‍ താഴെയുള്ള ആഭ്യന്തര യാത്രകള്‍ക്ക് ഇനി 2500 എന്ന നിരക്കാവും ഉണ്ടാവുക.

ഒരു വിമാനത്തില്‍ കുറഞ്ഞത് 9 സീറ്റും പരമാവധി 40 സീറ്റുമായിരിക്കും കുറഞ്ഞ നിരക്കില്‍ മാറ്റിവെക്കുക. ശേഷിക്കുന്ന സീറ്റുകളിലെ നിരക്ക് തിരക്കിനനുസരിച്ച് കൂടിയും കുറഞ്ഞുമായിരിക്കും. ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കും.സാധാരണക്കാര്‍ക്ക് വിമാനയാത്ര ചെലവ് വഹിക്കാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് ഉഡാന്‍ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

പ്രദേശിക നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള വലിയ ആഭ്യന്തര വിമാന സര്‍വ്വീസ് വിപ്ലവം സാധ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ബിക്കാനീര്‍, ജയ്‌സാല്‍മീര്‍, ഭാവ്‌നഗര്‍, ജാംനഗര്‍, ഭാട്ടിന്‍ഡ്യ, അലഹബാദ്, ആസാമിലെ ജോര്‍ഹട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഉഡാന്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.