മാസ്ക് വേണ്ട, പൊതുപരിപാടികളിൽ നിയന്ത്രണങ്ങളില്ല: കോവിഡ് മാനദണ്ഡങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി യു കെ

1

ലണ്ടൻ: കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും അവസാനിപ്പിക്കാൻ യുകെ. ഇംഗ്ലണ്ട് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചെന്ന് യുകെ സർക്കാരിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. അർദ്ധരാത്രി മുതലാണ് കോവിഡ് നിയന്ത്രണങ്ങളെല്ലാം അവസാനിപ്പിച്ചത്. നിയന്ത്രണങ്ങൾ അവസാനിക്കുന്ന ഇന്ന് രാജ്യത്ത് ‘ഫ്രീഡം ഡേ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതുവരെ തുറക്കാൻ നിയന്ത്രണങ്ങളുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക് ഇന്നു മുതൽ തുറക്കാം. പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമല്ല, പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കുള്ള നിയന്ത്രണങ്ങളും ഇന്നവസാനിക്കും. അതേ സമയം, രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ എല്ലാം തുറന്നുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നിട്ടുണ്ട്. എന്നാൽ, പ്രായപൂർത്തിയായവരിൽ 67.8% രണ്ടു ഡോസും വാക്സീനും 87.8% ഒരു ഡോസും വാക്സീൻ സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം കഠിനമാകില്ല എന്നാണു സർക്കാരിന്റെ പ്രതീക്ഷ.

2 ഡോസ് വാക്സീനുമെടുത്ത ആരോഗ്യമന്ത്രി സാജിദ് ജാവിദ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായതിനു പിന്നാലെ ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസനും ധനമന്ത്രി ഋഷി സുനകും ഐസലേഷനിലായി. കോവിഡ് പോസിറ്റീവായവരുമായി സമ്പർക്കമുണ്ടായവർക്ക് ഐസലേഷൻ ഒഴിവാക്കുന്ന പൈലറ്റ് പദ്ധതി പ്രകാരം ക്വാറന്റീൻ വേണ്ടെന്നു വയ്ക്കുന്നതായി ഇരുവരും പ്രഖ്യാപിച്ചെങ്കിലും വൻപ്രതിഷേധത്തെത്തുടർന്നു മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റുകയായിരുന്നു.