യു.എൽ. സ്പേസ് ക്ലബ്ബ് ബഹിരാകാശവാരാഘോഷം: സ്കൂളുകളുടെ രജിസ്റ്റ്രേഷൻ തുടങ്ങി

0

കോഴിക്കോട്: ബഹിരാകാശവാരത്തിൽ രാജ്യത്തെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.ഐ.എസ്.റ്റി.യുമായി ചേർന്ന് യു.എൽ. സ്പേസ് ക്ലബ്ബ് സംസ്ഥാനത്തുടനീളമുള്ള സ്കൂൾ‌വിദ്യാർത്ഥികൾക്കു വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കുന്നു. ക്വിസ്, ഉപന്യാസരചന, ഐഡിയ ഫെസ്റ്റ്, വെബിനാർ, ഓൺലൈൻ വാനനിരീക്ഷണം, വിവിധ വിദ്യാലയങ്ങളിൽ സ്പേസ് ക്ലബ്ബ് അംഗങ്ങളുടെ അവതരണങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണു സംഘടിപ്പിക്കുന്നത്.

ലോകത്തെ ആദ്യ കൃത്രിമോപഗ്രഹമായ സ്ഫുട്നിക്-1 വിക്ഷേപിച്ച 1957 ഒക്ടോബർ 4-ന്റെയും അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി നിലവിൽവന്ന 1967 ഒക്ടോബർ 10-ന്റെയും ഓർമ്മയ്ക്കായി ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോകബഹിരാകാശവാരം കൊണ്ടാടുന്നത്.

യു.എൽ.സി.സി.എസിന്റെ വിദ്യാഭ്യാസസേവനസംരംഭമായ യു.എൽ. എജ്യൂക്കേഷനുകീഴിൽ കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യു.എൽ. സ്പേസ് ക്ലബ്ബ് രാജ്യാന്തരനിലവാരത്തിലുള്ള സ്പേസ് ക്ലബ്ബാണ്.

ഐ.ഐ.എസ്.റ്റി.യിലെ ഡോ. ശ്രീജാലക്ഷ്മി ‘ബഹിരാകാശ ജീവശാസ്ത്രം’ എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കും. പ്രശസ്ത അമേച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരിയുടെ നേതൃത്വത്തിൽ ഓൺലൈൻ വാനനിരീക്ഷണവും ഉണ്ടാകും.

എല്ലാ വിദ്യാലയങ്ങൾക്കും യു.എൽ. സ്പേസ് ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://ulspaceclub.in/) ഈ മാസം 21 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിപാടികളിൽ പങ്കെടുക്കാം. ഇവർക്കുള്ള ക്വിസ്, ഉപന്യാസരചന തുടങ്ങിയ വ്യക്തിഗതമത്സരങ്ങളുടെ രജിസ്ട്രേഷൻ വൈകാതെ ആരംഭിക്കും.

രജിസ്റ്റർ ചെയ്ത വിദ്യാലയങ്ങളിലെ നാലു കുട്ടികളടങ്ങുന്ന ഒരു ടീമിനാണ് ഐഡിയ ഫെസ്റ്റിൽ ശാസ്ത്രപ്രൊജക്ടുകൾ അവതരിപ്പിക്കാൻ അവസരം. എല്ലാ കുട്ടികൾക്കും വെബിനാറിലും ഓൺലൈൻ വാനനിരീക്ഷണത്തിലും പങ്കെടുക്കാം.

മത്സരയിനങ്ങളിലെ വിജയികൾക്കു പ്രത്യേക സമ്മാനങ്ങൾ ഉണ്ട്. മികച്ച പ്രകടനം നടത്തുന്നവർക്ക് സ്പേസ് ക്ലബ്ബ് അംഗത്വവും ലഭിക്കും. പരിപാടിയെപ്പറ്റിയുള്ള സംശയങ്ങൾ [email protected] ലേക്ക് ഇ-മെയിൽ അയയ്ക്കാം.